ബാംബോലിം : ലീഡ് നേടിയശേഷം കേരള ബ്ലാസ്റ്റേഴ്സ് തോല്ക്കുുന്ന മറ്റൊരു മത്സരം കൂടി. . ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിട്ടു നിന്ന കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്.സി പരാജയപ്പെടുത്തി.
ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് ഇനി ശേഷിച്ച നാല് മത്സരങ്ങള്‍ കേവലം അക്കാദമിക് താല്‍പ്പര്യം മാത്രമായി. മാറും. 11നു ഒഡീഷയുമായിട്ടാണ് അടുത്ത മത്സരം അതിനുശേഷം ഹൈദരാബാദ്, ചെന്നൈയിന്, നോര്‍ത്ത് ഈസ്റ്റ് ടീമുകളെയാണ് ഏതിരിടേണ്ടത്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം എന്ന ചീത്തപ്പേരും കൂടി വാങ്ങിയാകും കേരള ബ്ലാസ്റ്റേഴ്സ് ഗോവയില്‍ നിന്നും മടങ്ങുക. 16 കളികളില്‍ നിന്ന് ഇതിനകം 27 ഗോളുകളാണ് വാങ്ങിക്കൂട്ടിയത്.കൈവശം 15 പോയിന്റ്് (മുന്നുജയം, ആറ് സമനില, ഏഴ് തോല്‍വി) മാത്രം. .
ആദ്യ പാദത്തില്‍ മുംബൈ സിറ്റി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു.. ഈ ആത്മവിശ്വാസം മുംബൈ കാത്തു സൂക്ഷിച്ചു. ഈ ജയത്തോടെ മുംബൈ സിറ്റി 33 പോയിന്റ് നേടി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 15 കളികളില്‍ 10 ജയം, മുന്നു സമനില , രണ്ട് തോല്‍വി(രണ്ടും നോര്‍ത്ത് ഈസ്റ്റിനോട് )
ബ്ലാസ്റ്റേഴ്സ് ഗാരി ഹൂപ്പറിനേയും മുംബൈ ബെര്‍ത്തലോമ്യോ ഓഗ്ബച്ചേയേയും ബഞ്ചില്‍ ഇരുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്.
പതിനൊന്നാം മിനിറ്റില്‍ മുംബൈ യ്ക്ക് നേരിയ വ്യത്യാസത്തിന് ഗോള്‍ നഷ്ടപ്പെട്ടു. ഒപ്പം ഓടിവന്ന കോസ്റ്റ ബോക്സിനകത്ത് താഴെ വീണതോടെ ആഡം ലെ ഫോന്ദ്രെയുടെ മുന്നില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസ് മാത്രം. പക്ഷെ ലെ ഫോന്ദ്രെയുടെ രണ്ടാം പോസ്റ്റിലേക്കു തൊടുത്തുവിട്ട ഷോട്ട് ഇഞ്ച് വ്യത്യാസത്തില്‍ വഴിമാറി പുറത്തേക്ക് പോയി. 15ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിന്റെ പാസില്‍ വീണ്ടും ഗോള്‍ മുഖത്ത് വെച്ച് ആഡം ലെ ഫോന്ദ്രെ വീണ്ടും രണ്ടാം പോസ്റ്റിനെ ലക്ഷ്യമാക്കിയെങ്കിലും ആദ്യ ഷോട്ട് പോലെ അടി പുറത്തേക്ക്. രണ്ടു ക്ലീന്‍ അവസരങ്ങളാണ് ലെ ഫോന്ദ്രെ നഷ്ടപ്പെടുത്തിയത്.
26ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിനു കിട്ടിയ ആദ്യ സുവര്‍ണ അവസരം . ഓപ്പണ്‍ പോസ്റ്റില്‍ രാഹുലിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ രക്ഷപ്പെടുത്തി.
27ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് തങ്ങള്‍ക്കു അനുകൂലമായി കിട്ടിയ സെറ്റ് പീസ് മുതലാക്കി ഗോള്‍ നേടി. സഹല്‍ എടുത്ത കോര്‍ണറില്‍ നിന്നാണ് ഗോള്‍. ഗോള്‍ മുഖത്തേക്കു ഉയര്‍ന്നു വന്ന പന്ത് മുംബൈ ഡിഫെന്‍ഡര്‍ മുര്ത്താഡ ഫൗളിന്റെ തലയ്ക്ക് മുകളിലൂടെ കുതിച്ചുയര്‍ന്ന വിസെന്റെ ഗോമസ് തലകൊണ്ടു ചെത്തി പന്ത് വലയിലേക്ക് തിരിച്ചുവിട്ടു (10) 29ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളിനു തൊട്ടടുത്ത്. ഗോള്‍ മുഖത്തേക്കു കുതിച്ചുകയറിയ ജോര്ഡന് മറെയുടെ ഷോട്ട് അമരീന്ദറിനെയും മറികടന്ന പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു..
വിശ്രമം ഇല്ലാതെ രണ്ടു ടീമുകളും അധ്വാനിച്ച ആദ്യപകുതിയില്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത കോസ്റ്റ നമുനേസുവും മുംബൈയുടെ മുര്ത്താഡ ഫാളും മഞ്ഞക്കാര്‍ഡ് വാങ്ങി. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന്റെ ലീഡ് നേടിയെങ്കിലും കളിയില്‍ 61 ശതമാനം മുന്‍തൂക്കം മുംബൈയ്ക്കായിരുന്നു. ഈ മുന്‍തൂക്കം അവര്‍ ഗോളാക്കി മാറ്റിയത് രര്ണ്ടാം പകുതിയിലാണ്.
രണ്ടാംപകുതിയുടെ തുടക്കം തന്നെ (46ാം മിനിറ്റില്‍ ) മുംബൈ ഗോള്‍ മടക്കി. ലെ ഫോന്ദ്രെയില് നിന്നും സൈ ഗോദാര്ദിലേക്കു വന്ന പന്ത് നേരെ ബിപിന്‍ സിംഗിലേക്ക്. തൊട്ടുമുന്നില്‍ നിന്ന സന്ദീപ് സിംഗിനെ കബളിപ്പിച്ച് ബിപിന്‍ വലയിലേക്കു പന്ത് നിറയൊഴിച്ചു (11).ഈ ഗോള്‍ കളിയുടെ ടേണിങ്ങ് പോയിന്റായി.
മഞ്ഞക്കാര്‍ഡ് വാങ്ങിയ കോസ്റ്റ 66ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ പെനാല്‍ട്ടി വാങ്ങിക്കൊടുത്തു. ഹ്യൂഗോ ബോമസില് നിന്നും വന്ന പന്ത് എത്തിപ്പിടിക്കാന്‍ അകത്തേക്കു കുതിച്ച ലെ ഫോന്ദ്രെയെ ബോക്സിനു തൊട്ട് അകത്ത് വെച്ച് കോസ്റ്റ ഫൗള്‍ ചെയ്തു. പന്ത് കിട്ടുന്നതിനു മുന്‍പ് തന്നെ ഫോന്ദ്രെ നിലത്തു വീഴുന്നു. പന്ത് നേരെ അല്‍ബിനോയുടെ കൈകളിലേക്കും .. പക്ഷേ റഫ്റി ഇതോടെ വിവാദ പനാല്‍ട്ടി വിധിച്ചു. .കിക്കെടുത്ത ആഡം ലെ ഫോന്ദ്രെ കൃത്യമായി വലയിലേക്ക് പ്ലേസ് ചെയ്തു. (21). ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ വാങ്ങിക്കൂട്ടുന്ന പെനാല്‍ട്ടികളുടെ എണ്ണം ഇതോടെ ഏഴായി. കേരള ബ്ലാസ്റ്റേഴസിന്റ പ്രതീക്ഷകള്‍ക്കും പെനാല്‍ട്ടി വാങ്ങിയതോടെ തിരശ്ശീല വീണു.
ആദ്യ പകുതിയില്‍ നിരവധി തവണ മുംബൈയുടെ രക്ഷകനായ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനാണ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം.