ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സമനില.എന്നാല്‍ ഇത്തവണ അരഡസന്‍ ഗോളുകള്‍ കാണുവാനായ ആദ്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സമനില. ഗോളടിക്കുന്നതില്‍ പിശുക്കു കാണിക്കാത്ത ഗോവയും മുംബൈയും തകര്‍ത്തു കളിച്ചു, മൂന്നു ഗോള്‍ വീതം അടിച്ചു അവസാന വിസില്‍ വരെ മത്സരം സജീവമാക്കി.
ഇടവേളയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കും 90ാം മിനിറ്റില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കും മുന്നില്‍ നിന്ന മുംബൈയെ 95ാം മിനിറ്റില്‍ പകരക്കാനായി വന്ന ഇഷാന്ത് പണ്ഡിതയാണ് സമനിലയില്‍ തളച്ചത്.
20ാം മിനിറ്റില്‍ മുംബൈ കൗണ്ടര്് അറ്റാക്കിലൂടെ ഗോള്‍ മുഖം തുറന്നു. റെയ്നിയര്‍ ഫെര്‍ണാണ്ടസിന്റെ ബ്ലോക്കും തുടര്‍ന്നു ആഡം ലെ ഫോന്ദ്രെയുടെ പാസും മൈതാന മധ്യത്തു നിന്നും പന്തു സ്വീകരിച്ചു ശരവേഗത്തില്‍ കുതിച്ച പാഞ്ഞ ഹ്യൂഗോ ബൗമസ് ഓപ്പം എത്താനായി കുതിച്ചുവന്ന സേവിയര്‍ ഗാമയേയും പിന്നിലാക്കി ബോക്സിനകത്ത് കയറി. മുന്നില്‍ ഗോവന്‍ ഗോളി ധീരജ് സിംഗ് മാത്രം . നിസഹായനായ ധീരജ് രണ്ടും കല്പ്പിച്ചു അഡ്വാന്‍സ് ചെയ്തു വന്ന ബൗമസിനെ തടയാന്‍ നോക്കി. എന്നാല്‍ ബൗമസ് ധീരജിനേയും മറികടന്നു വലയിലേക്കു പ്ലേസ്് ചെയ്തു (10)
26ാം മിനിറ്റില്‍ മുംബൈ ലീഡുയര്‍ത്തി. . ഇത്തവണ സെറ്റ് പീസില്‍ നിന്നാണ് ഗോള്‍. ബിപിന്‍സിംഗ് എടുത്ത കോര്‍ണറില്‍ ഹെര്‍ണാന്‍ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡര്‍ ധീരജ് ആദ്യം കുത്തിയകറ്റി. എന്നാല്‍ റീബൗണ്ടില്‍ ആഡം ലെ ഫോന്ദ്രെ ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടു (20)
35ാം മിനിറ്റില്‍ സിക്സ് യാര്‍ഡ് ബോക്സിനകത്തു നിന്നും ഇഗോര്‍ അന്‍ഗുലോയുടെ തകര്‍പ്പന്‍ ഹെഡ്ഡറും മുംബൈയുടെ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ അതിലേറെ മനോഹരമായ സേവും മുംബൈയെ തല്‍ക്കാലത്തേക്കു രക്ഷിച്ചു. എന്നാല്‍ പോരാട്ട വീര്യം നഷ്ടപ്പെടാതെ നിന്ന ഗോവയ്ക്ക് ഗോള്‍ നേടാന്‍ അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല. 45ാം മിനിറ്റില്‍ ഗോവ ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ഗോള്‍ നേടി. ഷോര്‍ഷെ ഓര്‍ട്ടിസ് ഇടത്തെ വിംഗില്‍ നിന്നും നല്കിയ ക്രോസ് സ്വീകരിച്ച ഗ്ലാന്‍ 31 മീറ്റര്‍ അകലെ നിന്നും തൊടുത്തുവിട്ട വെടിയുണ്ട ഷോട്ട് ക്രോസ് ബറില്‍ തട്ടി നെറ്റിലേക്കു കുതിച്ചു (21).
ഈ ഗോളിന്റെ ആവേശം രണ്ടാം പകുതിയിലും തുടര്‍ന്ന ഗോവ 51ാം മിനിറ്റില്‍ ഇഗോര്‍ അന്ഗുലോയിലൂടെ സമനില ഗോള്‍ കണ്ടെത്തി.. ആല്‍ബര്‍ട്ടോ നൊഗുവേര നീട്ടിക്കൊടുത്ത പന്ത് ബോക്സിനകത്തു നിന്നും ഇഗോര്‍ അന്‍ഗുലോ ഹെഡ്ഡറിലൂടെ വലയിലാക്കി. (22). ഇഗോര്‍ പന്ത് വലയിലാക്കിയത് ഓഫ് സൈഡില്‍ നിന്നായിരുന്നുവെന്ന് മുംബൈ വാദിച്ചു നോക്കിയെങ്കിലും ഫലിച്ചില്ല. അന്‍ഗുലോയുടെ വക ഈ സീസണിലെ 11ാമത്തെ ഗോള്‍.
90ാം മിനിറ്റില്‍ മുംബൈ വിജയ ഗോള്‍ എന്ന ആഹ്ലാദം പങ്കുവെച്ച മൂന്നാം ഗോള്‍ നേടി. ഇത്തവണയും കോര്‍ണര്‍ മുതലാക്കിയാണ് ഗോളിന്റെ വരവ്. ഹ്യൂഗോ ബൗമസ് എടുത്ത കോര്‍ണര്‍ ഗോവന്‍ ഗോളി ധീരജിന്റെ മുന്നില്‍ കുത്തി. ഒരു നിമഷം പതറിയ ധീരജിനു പിടികൊടുക്കാതെ പന്ത് റൗളിങ് ബോര്‍ഹസ് വലം കാലനടിയിലൂടെ നെറ്റിലാക്കി( 32) .
മുംബൈ ജയം ഉറപ്പിക്കിയെന്നുറപ്പിച്ച നിമിഷത്തിലാണ് ഇഞ്ചുറി ടൈമില്‍ സേവ്യര്‍ ഗാമയുടെ പകരക്കാരനായി ഇഷാന്ത് പണ്ഡിതയുടെ വരവ് പകരക്കാരനായി വന്ന് ഗോള്‍ നേടി സൂപ്പര്‍ സബ്ബായ ചരിത്രത്തിന്റെ ഉടമായ ഇഷാന്ത് തന്റെ വരവിന്റെ ലക്ഷ്യം കണ്ടു. 95ാം മിനിറ്റില്‍ കളിക്കളത്തില്‍ എത്തിയ ഇഷാന്ത് ഒരു ടച്ച് മാത്രം നടത്തി ആദ്യ മിനിറ്റില്‍ തന്നെ ഗോളാക്കി. ത്രോ ഇന്‍ സ്വീകരിച്ചു എഡു ബേഡിയ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്ത് ഇഷാന്ത് വെട്ടിത്തിരിഞ്ഞു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (33).
ഈ സമനിലയോടെ 34 പോയിന്റില്‍ എത്തിയ മുംബൈ തങ്ങളുടെ ഒന്നാം സ്ഥാനത്തിനു നേരിടുന്ന ഭീഷണി തല്ക്കാലം ഒഴിവാക്കി.
ഇരുടീമുകളും ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ ഏക ഗോളിനു ജയിച്ചിരുന്നു.
അരഡസന്‍ ഗോള്‍ വന്ന രണ്ടാം പാദത്തില്‍ മുംബൈയുടെ റൗളിങ് ബോര്‍ഹസ് കളിയിലെ താരമായി.