ഫത്തോര്‍ഡ: കൊല്‍ക്കത്ത ഡര്‍ബിയില്‍ എ.ടി.കെ മോഹന്‍ ബഗാന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
ഈ ജയത്തോടെ 39 പോയിന്റുമായി എ.ടി.കെ, ഐഎസ്എല്‍ ഏഴാം സീസണില്‍ ലിഗ് റൗണ്ടില്‍ ടേബിള്‍ ടോപ്പേഴ്സ് എന്ന നിലയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലേക്കു ക്വാളിഫൈ ചെയ്യാനുള്ള ശ്രമം ഒന്നു കൂടി ഊര്‍ജിതമാക്കി. നിലവില്‍ 34 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മുംബൈ സിറ്റി ഇന്ന് ജാംഷെഡ്പൂരിനെ നേരിടും. എ.ടികെ ഇനി ഹൈദരാബാദിനെയും മുംബൈ, ഒഡീഷയേയും നേരിടും.
എന്നാല്‍ ഈ സീസണിലെ 28നു നടക്കുന്ന മുംബൈ എടികെ അവസാന ലീഗ് റൗണ്ട് പോരാട്ടം ഒരു ഫൈനല്‍ തന്നെയായി മാറും. മുംബൈയ്ക്കു അടുത്ത മത്സരങ്ങളില്‍ അടിപതറിയില്ലെങ്കില് ഈ സീസണിലെ ഒന്നാം സ്ഥാനക്കാരെ ഈ മത്സരം ആയിരിക്കും നിശ്ചയിക്കും.
പ്ലേ ഓഫ് സാധ്യത അവസാനിച്ചു കഴിഞ്ഞ ഈസ്റ്റ് ബംഗാള്‍ ഇനി മടങ്ങുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റിനെയും ഒഡീഷയേയും നേരിടും.
കടലാസിലും കളത്തിലും മുന്‍തൂക്കം വ്യക്തമായിരുന്ന എ.ടി.കെ 15ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ടിരി എ.ടി.കെയുടെ പോസ്റ്റിനു മുന്നില്‍ നിന്നു നീട്ടിക്കൊടുത്ത പന്തുമായി ശരവേഗത്തില്‍ കുതിച്ച റോയ് കൃഷ്ണയോടൊപ്പം ഓടിയെത്താന്‍ ഈസറ്റ് ബംഗാളിന്റെ ക്യാപ്റ്റന്‍ ഡാനിയേല്‍ ഫോക്സ്, ജാക്ക് മഗോമ, നാരായണ്‍ ദാസ് എന്നിവര്‍ പരാജയപ്പെട്ടു. ഗോള്‍ മുഖത്തെത്തിയ റോയ് കൃഷ്ണ ഇടംകാലനടിയിലൂടെ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനെയും മറികടന്നു പന്ത് വലയിലാക്കി (10).
ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മടക്കി. 41ാം മിനിറ്റില്‍ അനൂകൂലമായി കിട്ടിയ ത്രോ ഇന്‍ സമനില ഗോളിനു വഴിയൊരുക്കി. രാജു ഗെയ്ക്ക്വാദ് എടുത്ത ലോങ് ത്രോ വരുമ്പോള്‍ പെനാല്‍ട്ടി ബോക്സിനകത്ത് ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ ഫോക്സ് മാത്രം. എന്നാല്‍ ഫോക്സിനെ തടയാന്‍ സന്ദേഷ് ജിങ്കന്, ടിരി, പ്രീതം കോട്ടാല്‍ എന്നിവര്‍ ചുറ്റിനും . ഈ കൂട്ടപ്പോരിച്ചിലിനിടെ ടിരിയുടെ തലയില്‍ തട്ടി നിലത്ത് കുത്തിയ പന്ത് എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു വലയിലേക്ക് നീങ്ങി(11). ടിരിയുടെ പേരില്‍ സെല്‍ഫ് ഗോളും
73ാം മിനിറ്റില്‍ എ.ടി.കെ വീണ്ടും മുന്നില്‍ എത്തി. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലുണ്ടായ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. കുറിയ പാസിലൂടെ മുന്നേറാനുള്ള ശ്രമത്തില്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിന്റെ ഷോട്ട് പാസ് ഈസ്റ്റ് ബംഗാള്‍ കളിക്കാരുടെ ഇടയില്‍ നിന്നും പിടിച്ചെടുത്ത റോയ് കൃഷ്ണ നാല് ഈസ്റ്റ് ബംഗാള്‍ കളിക്കാരുടെ ഇടയിലൂടെ നല്കിയ ക്രോസ് ഡേവിഡ് വില്യംസ് വലയിലേക്ക് നിറയൊഴിച്ചു (21).
89ാം മിനിറ്റില്‍ എ.ടി.കെ ലീഡ് ഉയര്‍ത്തി. ഇത്തവണയും റോയ് കൃഷ്ണ തളികയില്‍ എന്ന നിലയില്‍ നല്കിയ പാസില്‍ നിന്ന് വന്നു. റോയ് കൃ്ഷ്ണയുടെ ഹാഫ് വോളി മാഴ്സിലീഞ്ഞ്യോയ്ക്ക് പകരം വന്ന ഹാവിയര്‍ ഹെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ നെറ്റിലെത്തിച്ചു (31). രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ റോയ് കൃഷ്ണ കളിയിലെ താരവുമായി.