ഫത്തോര്‍ഡ : ഐ.എസ്.എല്‍ ഏഴാം സീസണിന്റ ചാമ്പ്യന്‍പട്ടം ആര്‍ക്കാകും. നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന് കിരീടം നാലാം വട്ടവും സ്വന്തമാക്കുമോ ?.
മൂംബൈ സിറ്റി എഫ്.സി ആദ്യമായി കിരീടം നേടുമോ ?
ഫത്തോര്‍ഡയിലെ സൂപ്പ്രര്‍ സാറ്റര്‍ഡേ കലാശപോരാട്ടം ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കി വിധിനിര്‍ണയിക്കും.
2014ലെ ആദ്യ ഐ.എസ്.എല്‍ കിരീടം നേടിയ എ.ടി.കെ (അന്ന് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത) 2016 , 2019-2020 സീസണുകളിലും ചാമ്പ്യന്മാരായി. ആദ്യമായാണ് ഇരുടീമുകളും നേര്‍ക്ക് നേര് വരുന്നതെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. അതേപോലെ ആദ്യമായാണ് ലീഗ് റൗണ്ടിലെ ആദ്യ സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിനുണ്ട്.
എ.ടി.കെ കിരീടം നേടിയ രണ്ടു സീസണിലും (2014, 2016) കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ സീസണില്‍ ചെന്നൈയിനേയും.
കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ സീസണില്‍ ഏക ഗോളിനും 2016ലെ ഫൈനലില്‍ രണ്ടു ടീമുകളും നിശ്ചിത സമയവും എക്സ്ട്രാ ടൈമും പിന്നിടുമ്പോഴും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിക്കുകയായിരുന്നു. തുടര്‍ന്നു ടൈബ്രൈക്കറില്‍ മുന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കഷ്ടിച്ചു കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചു എ.ടികെ കിരീടം നേടിയത്. രണ്ട് സീസണുകളില്‍ ഫൈനലില്‍ എത്താന്‍ കഴിയാതെ പോയ എ.ടി.കെ കഴിഞ്ഞ സീസണില്‍ പൂര്‍വാധികം ശക്തിയോടെ ഫൈനലില്‍ കടക്കുകയും ഒന്നിനെതിരെ മുന്നു ഗോളുകള്‍ക്കു പൂര്‍ണ ആധിപത്യത്തോടെ ചെന്നൈയിനെ ഫൈനലില്‍ കീഴടക്കി കിരീടം നേടുകയും ചെയ്തു. അതായത് ഫൈനലില്‍ എത്തിയാല്‍ എ.ടി.കെ ഇതുവരെ കപ്പും കൊണ്ടു പോയിട്ടേ ഉള്ളു എന്നതാണ് ചരിത്രം.
എന്നാല്‍ ഇത്തവണ എ.ടി.കെയ്ക്ക് സ്ഥിതിഗതികള്‍ അത്ര എളുപ്പമാല്ല ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്.
ലീഗ് റൗണ്ടില്‍ ഇരുടീമുകളും 20 കളികളില്‍ 12 ജയം നാല് സമനില, നാല് തോല്‍വി എന്ന നിലയിലാണ് രണ്ടു ടീമുകളും ഫിനീഷ് ചെയ്തത്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയില്‍ മുംബൈ സിറ്റി എഫ്.സി ലീഗ് ഷീല്‍ഡ് സ്വന്തമാക്കി.ഒപ്പം എ.എഫ്.സി ചാമ്പ്യന്‍സ് കപ്പില്‍ പങ്കെടുക്കാനുള്ള ചീട്ടും.
കഴിഞ്ഞ സെമിഫൈനലില്‍ മുംബൈയക്ക്് ഈ ആധിപത്യം പുറത്തെടുക്കാനായില്ല. ഗോവയുടെ മുന്നില്‍ വിറച്ച മുംബൈ സഡന്‍ഡെത്തില്‍ കൈവന്ന കേവല ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഗോവയെ കീഴടക്കിയതെങ്കില്‍, എ.ടി.കെ എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ രണ്ടാം സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ വ്യക്തമായ മുന്‍തൂക്കം കാഴ്ചവെച്ചാണ് ഫൈനലിലേക്കു കുതിച്ചത്. സെമിഫൈനലിലെ ഈ തകര്‍പ്പന്‍ പ്രകടനം എ.ടി.കെക്ക് ആത്മവിശ്വാസം പകരും.
എന്നാല്‍ ഐ.എസ്.എല്ലി ലെ പരിശീലകരുടെ കൂട്ടത്തില്‍ തഴക്കവും പഴക്കവും ചെന്ന സെര്‍ജിയോ ലൊബേറോ എന്ന പരിശീലകന്റെ പിന്‍ബലം മുംബൈ സിറ്റിയെ നയിക്കുന്നു. മറുവശത്ത് എ.ടി.കെയുടെ പരിശീലകനായ ആന്റോണിയോ ലോപ്പസ് ഹബാസും ഒട്ടം ചില്ലറക്കാരനല്ല. ഫലത്തില്‍ രണ്ടു വമ്പന്‍ പരിശീലകരുടെ മാറ്റുരയ്ക്കല്‍ തന്നെയാകും കലാശപ്പോരാട്ടം.
മറ്റൊരു പ്രധാന ഹൈലൈറ്റസ് ഇരുടീമുകളും ഈ സീസണിലെ ലീഗ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും മുംബയ്ക്കായിരുന്നു ജയം. ഒരു ഗോള്‍ പോലും മുംബൈയുടെ വലയിലേക്കു തൊടുത്തുവിടാന്‍ എ.ടി.കെയ്ക്കു കഴിഞ്ഞിട്ടില്ല.
ആദ്യ പാദത്തില്‍ മുംബൈ സിറ്റി ഓഗ്ബച്ചെയുടെ ഏക ഗോളിനു എ.ടി.കെയെ തോല്‍പ്പിച്ചു. . രണ്ടാം പാദത്തില്‍ മുംബൈ സിറ്റി ഈ വിജയ മാര്‍ജിന്‍ രണ്ടായി ഉയര്‍ത്തിക്കൊണ്ട് കൊല്ക്കത്തക്കാര്ക്കെതിരെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. രണ്ടാം പാദത്തില്‍ ഓഗ്ബച്ചേയും മുര്ത്താഡ ഫാളും ആണ് ഗോള്‍ നേടിയത്.
ഈ സീസണില്‍ ഇതിനു മുന്‍പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും എ.ടികെയ കീഴടക്കാനായത് ഫൈനലിനു മുന്‍പ് മുംബൈയ്ക്കു കിട്ടുന്ന വലുതായ മാനസികമായ കരുത്താണ്. മുംബൈ ഫൈനലില്‍ ഈ മുന്‍തൂക്കം തങ്ങളുടെ അനുകൂല ഘടകം ആക്കി മാറുമോ എന്നു കാത്തിരുന്നു കാണാം.
ലീഗില്‍ രണ്ടു തവണയും എ.ടി.കെയുടെ വല ചലിപ്പിച്ച മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ബെര്‍ത്തലോമ്യോ ഓഗ്ബച്ചേ എന്നതാണ് സവിശേഷത. മുംബൈയുടെ കീ പ്ലെയര്‍ ഓഗ്ബച്ചേ തന്നെയായിരിക്കും. . കഴിഞ്ഞ രണ്ടാം പാദ മത്സരത്തില്‍ ലെ ഫോന്ദ്രേയ്ക്കു പകരക്കാരായിട്ടാണ് ഓഗ്ബച്ചേ വന്നത്. ലെ ഫോന്ദ്രേ നിറം മങ്ങിയ നിലയിലാണ്. അതുകൊണ്ടു തന്നെ ഫൈനലില്‍ ഓഗ്ബച്ചേയെ ആദ്യ ഇലവനില്‍ തന്നെ ഇറക്കാനിടയുണ്ട്.
മിന്നല്‍ വേഗതയുള്ള മിഡ്ഫീല്‍ഡര്‍ ബിപിന്‍ സിംഗ്, ഹ്യൂഗോ ബൗമസ്, റൗളിങ് ബോര്‍ഹസ്, സെറ്റ് പീസ് വിദഗ്ധന്‍ അഹമ്മദ് ജാഹു എന്നിവരുടെ തിളക്കവും മുര്ത്താഡ ഫാള്‍ എന്ന കടുകട്ടിയായ ഡിഫെന്‍ഡറുടെ സാന്നിധ്യവും മുംബൈയ്ക്കു കരുത്ത് പകരുന്നു. അമയ് റാണവഡെ, ഹെര്‍ണാന്‍, വിഗ്നേഷ് എന്നിവരും മുംബൈയുടെ പ്രതീക്ഷയാണ്. രണ്ടു മഞ്ഞക്കാര്‍ഡിനു പുറത്തായ മന്ദര്‍റാവു ദേശായിയുടെ അഭാവം ആണ് മുംബൈയെ വലക്കുന്നത്.
മറുവശത്ത് ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ് എന്നീ മുന്‍ നിരയിലെ ത്രയങ്ങളാണ് എ..ടി.കെയുടെ കരുത്ത് .പ്രതിരോധ നിരയില്‍ സന്ദേശ് ജിങ്കന്, ടിരി എന്നിവര്‍ തിരിച്ചുവന്നിരിക്കുന്നു. ലെനി റോഡ്രിഗസ്, സൂബാഷിഷ് ബോസ്, ജയേഷ് റാണ എന്നീ വമ്പന്മാരുടെ നീണ്ട നിര വേറെയും. എ.ടി.കെയുടെ വറ്റിപ്പോകാത്ത ബെഞ്ച് സ്ട്രെങ്താണ് പ്രധാന മുതല്‍ക്കൂട്ട്.
എന്തായാലും സെമിഫൈനലിില് ആടിയുലഞ്ഞ മുംബൈ സിറ്റി എഫ്.സിക്ക് ആദ്യ കിരീട നേട്ടത്തിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല. മുംബൈ കിരീടം നേടിയാല്‍ ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ പുതിയ ചാമ്പ്യന്‍ ടീമിന്റെ ഉദയവും കൂടിയാകും.
അതേപോലെ . ലീഗ് വിന്നേഴ്സ് കിരീടവും ചാമ്പ്യന്‍ പട്ടവും ഒരു ടീം ഒറ്റയടിക്ക് ് കൊണ്ടുപോകുന്നതിനും ഇത്തവണത്തെ ഐ.എസ്.എല്‍ സാക്ഷ്യം വഹിക്കും..
സാറ്റര്‍ഡേ ഫൈനല്‍ പോരാട്ടത്തിലൂടെ ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളെയും ഗോള്‍ഡന്‍ ഗ്ലൗ വിന്നേഴ്സിനെയും നിശ്ചയിക്കും. ഗോള്‍ഡന്‍ ബൂട്ടിന് റോയ് കൃഷ്ണയും ഗോവയുടെ ഇഗോര്‍ അന്‍ഗുലോയും ആയിരുന്നു ഒപ്പത്തിനൊപ്പം നിന്നത്. 14 ഗോള്‍ വീതം. എന്നാല്‍ ഗോവ സെമിയില്‍ തോറ്റതോടെ റോയ് കൃഷ്ണയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി എന്നാല്‍ ഗോള്‍ഡന്‍ ഗ്ലൗ പോരാട്ടത്തില്‍ മുംബൈയുടെ ഗോളി അമരീന്ദര്‍ സിംഗും എ.ടി.കെയുടെ അരിന്ദം ഭട്ടാചാര്യയും ഒപ്പം നില്ക്കുന്നു. 10 ക്ലീന്‍ ഷീറ്റുകള്‍ വീതം. എന്നാല്‍ ഗോള്‍ വഴങ്ങിയതില്‍ കുറവ് അരിന്ദം ഭട്ടാചാര്യയുടെ പേരിലാണ് .