BREAKING NEWSFOOTBALLSPORTS

ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊല്‍ക്കത്തയ്ക്ക് ആദ്യ വിജയം

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം.
67ാം മിനിട്ടില്‍ ഫിജി താരം റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോള്‍ നേടാനാവാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.
ആദ്യ മിനിട്ടുകളില്‍ ഇരുടീമുകള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടര്‍ച്ചായ അഞ്ചാം സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഉദ്ഘാടനമത്സരത്തില്‍ കളിക്കുന്നത്.
ആദ്യ 30 മിനിട്ടില്‍ കാര്യമായ ഷോട്ടുകളൊന്നും ഉതിര്‍ക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചിട്ടില്ല. 30ാം മിനിട്ടില്‍ തന്നെ എ.ടി.കെയ്ക്ക് ആദ്യ പകരക്കാരനെ ഇറക്കേണ്ടി വന്നു. പരിക്കേറ്റ് പുറത്തായ സൂസായ്‌രാജിന് പകരം ശുഭാശിഷ് ബോസ് കളിക്കളത്തിലെത്തി.
33ാം മിനിട്ടില്‍ മികച്ച അവസരം എ.ടി.കെയുടെ റോയ് കൃഷ്ണയ്ക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാനായില്ല. തൊട്ടുപിന്നാലെ അതിമനോഹരമായ ഒരു ക്ലിയറന്‍സ് നടത്തി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരം കോസ്റ്റ കൈയടി നേടി.
പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ ഋത്വിക് ദാസിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അത് വലയിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. 41ാം മിനിട്ടില്‍ എ.ടി.കെയുടെ എഡു ഗാര്‍സിയയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഈ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡാണ് ഗാര്‍സിയയ്ക്ക് ലഭിച്ചത്. ഇതിനുപിന്നാലെ കിട്ടിയ ഫ്രീകിക്ക് വലയിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.
രണ്ടാം പകുതിയില്‍ ഫോര്‍മേഷനില്‍ ചെറിയ മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ പ്രതിരോധത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ ആക്രമണ ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് അഴിച്ചുവിട്ടത്.
49ാം മിനിട്ടില്‍ ജെസെലിന്റെ അത്യുഗ്രന്‍ പാസ്സില്‍ നിന്നും ഗോള്‍ നേടാന്‍ സഹലിന് സാധിച്ചില്ല. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കാനുള്ള സഹലിന്റെ ശ്രമം അമ്പേ പാളി.
ബകാരി കോനെയും കോസ്റ്റയും ചേര്‍ന്ന് മികച്ച പ്രതിരോധവും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കാഴ്ചവെച്ചു. ഇരുവര്‍ക്കും മുന്നില്‍ എ.ടി.കെയുടെ മുന്നേറ്റ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു.
60ാം മിനിട്ടില്‍ നവോറത്തിന് പകരം സെത്യസെന്‍ സിങ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പകരക്കാരനായി ഇറങ്ങി. 62ാം മിനിട്ടില്‍ കൊല്‍ക്കത്ത രണ്ടാം സബ്ബിനെ ഇറക്കി. പ്രണോയ് ഹാല്‍ദറിന് പകരം മുന്നേറ്റതാരം മന്‍വീര്‍ സിങ്ങ് കളിക്കാനിറങ്ങി.
65ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചെങ്കിലും സെത്യസെന്‍ സിങ്ങിന് അത് ഗോളാക്കി മാറ്റാനായില്ല. 67ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് റോയ് കൃഷ്ണ എ.ടി.കെയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. പ്രതിരോധപ്പിഴവില്‍ നിന്നുമാണ് ഫിജി താരം ഗോള്‍ നേടിയത്.
പിന്നാലെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ സിഡോയ്ക്ക് പകരം ജോര്‍ദാന്‍ മുറെയെയും ഋത്വിക് ദാസിന് പകരം ഖൗല്‍ഹ്രിങ്ങിനെയും സഹലിന് പകരം ലാല്‍റുവതാറെയെയും കോനെയ്ക്ക് പകരം ഫകുണ്ടോ പെരേരയെയും ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നു. കളിക്കാനിറങ്ങിയതിനുപിന്നാലെ ഫകുണ്ടൊ പെരേരയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഗോള്‍ വഴങ്ങിയ ശേഷം പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഗോള്‍ നേടാനായില്ല.

Related Articles

Back to top button