കോട്ടയം: പ്രശസ്ത സംഗീത സംവിധായകന് ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തില്‍ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രേഡും പാസായി.
കെ ജി ജോര്‍ജിന്റെ ‘മണ്ണി’ലൂടെ സിനിമയിലെത്തി. പിന്നീട്, അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാന് എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീതം രംഗത്തേക്ക് എത്തിയത്. അരവിന്ദന്, അടൂര്‍ ഗോപാലകൃഷ്ണന്, ടി വി ചന്ദ്രന്, ഷാജി എന്‍ കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടും ഒഴുകിയെത്തി.
ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004) ആദാമിന്റെ മകന് അബു (2010 )എന്നീ സിനിമകളിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. ആദാമിന്റെ മകന് അബുവിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി.
മലയാളത്തില്‍ ആരംഭിച്ച ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റും ക്രിയേറ്റീവ് ഡയറക്ടറുമായിരുന്നു ഐസക് തോമസ്.
സംഗീതജ്ഞനെന്ന പേരിലാണ് സിനിമയില്‍ കൂടുതല്‍ ക്രെഡിറ്റ് ഉള്ളതെങ്കിലും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പി ജി ഡിപ്ലോമ നേടിയ അദ്ദേഹം ഏകദേശം നൂറോളം തിരക്കഥകള്‍ എഴുതി സൂക്ഷിച്ച് വച്ചിരുന്നു എന്നത് മറ്റൊരു കൗതുകമാണ്. അതുപോലെ തന്നെ ഐഎഫ്എഫ്ഐ 2004ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്ത 6 ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം നല്കിയിരുന്നതും ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി ആയിരുന്നു.