ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് നടത്തിയ ‘ചെത്തുകാരന്റെ മകന്’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. തന്നെ ചെത്തുകാരന്റെ മകന് എന്ന് ആക്ഷേപിക്കുന്നവരെക്കുറിച്ച് മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട്, അതിലപ്പുറമൊന്നും അക്കാര്യത്തില്‍ പറയേണ്ടതില്ല. പക്ഷേ, ആക്ഷേപമായി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും ഒരു ഭൂഷണമായി കൊണ്ടു നടക്കുന്നവരുടെ സംസ്ക്കാരം കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഈ ശൈലിയെ പരസ്യമായി തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രായ്ക്കുരാമാനം കാലു മാറിയതില്‍ നിന്ന് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പൊതുസംസ്ക്കാരം വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. ഇതൊക്കെ സാധാരണ നാട്ടുപ്രയോഗങ്ങളാണ് എന്ന ന്യായവുമായി പ്രതിപക്ഷ നേതാവു തന്നെ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇതു കേട്ടപ്പോഴാണ് എന്നെ ചകിരി ശാസ്ത്രജ്ഞന് എന്നു വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പ്രയോഗം ഓര്‍ത്തു പോയതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചത്,
‘കയറുപിരി ശാസ്ത്രജ്ഞന് എന്ന് എന്നെ അഭിസംബോധന ചെയ്യുന്ന ബി ജെ പിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും എണ്ണം ചെറുതല്ല. അക്കൂട്ടരില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാവാം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ നിയമസഭയില്‍ അത്തരമൊരു പരിഹാസം ചൊരിഞ്ഞിരുന്നു. എനിക്കത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വന്നത്. അപ്ലൈഡ് എക്കണോമിക്സ് ഏതെങ്കിലും സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്തി നടത്തുന്നത് എത്രയോ സാധാരണമാണ്. സാമ്പത്തിക ശാസ്ത്രം സംബന്ധിച്ച സാങ്കേതികമായ വിവരത്തെ ആ മേഖലയെ വിശകലനം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുകയാണ്. ഇത്രപോലും വിവരം പ്രതിപക്ഷ നേതാവിന് ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ഒരു നിമിഷം അമ്പരന്നു പോയി. മന്ത്രിയാകുന്നതിനു മുമ്പ് കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ പ്രസിഡന്റായിരുന്ന എനിക്ക് ഈ ആക്ഷേപത്തില്‍ അഭിമാനമേയുള്ളൂ.
ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ചൊരിയുന്നവരുടെ ഉന്നം, അതിനരയാകുന്നവര് ചൂളിപ്പോകുമെന്ന മൂഢവിശ്വാസമാണ്. അത്തരം മൂഢസ്വര്‍ഗത്തിലെ ചക്രവര്‍ത്തിയായി വാഴാനുള്ള കെ സുധാകരന്റെ അവകാശത്തെയൊന്നും ചോദ്യം ചെയ്യാന്‍ ഞാനില്ല.
തന്നെ ചെത്തുകാരന്റെ മകന് എന്ന് ആക്ഷേപിക്കുന്നവരെക്കുറിച്ച് മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതിലപ്പുറമൊന്നും അക്കാര്യത്തില്‍ പറയേണ്ടതില്ല. പക്ഷേ, ആക്ഷേപമായി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും ഒരു ഭൂഷണമായി കൊണ്ടുനടക്കുന്നവരുടെ സംസ്ക്കാരം കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ ശൈലിയെ പരസ്യമായി തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രായ്ക്കുരാമാനം കാലു മാറിയതില്‍ നിന്ന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പൊതുസംസ്ക്കാരം വ്യക്തമാണ്. ഇതൊക്കെ സാധാരണ നാട്ടുപ്രയോഗങ്ങളാണ് എന്ന ന്യായവുമായി പ്രതിപക്ഷ നേതാവു തന്നെ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇതു കേട്ടപ്പോഴാണ് എന്നെ ചകിരി ശാസ്ത്രജ്ഞന് എന്നു വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പ്രയോഗം ഓര്‍ത്തുപോയത്.
കുലത്തൊഴിലുമായി ബന്ധപ്പെട്ട് ഇത്തരം പരാമര്‍ശങ്ങള്‍ ഇന്നുയര്‍ത്തുന്നത് ജാത്യാധിക്ഷേപം തന്നെയാണ്. ആക്ഷേപിതരാകുന്നവര്‍ക്ക് ഇത് പ്രശ്നമല്ലെങ്കില്‍പ്പോലും ആക്ഷേപമുന്നയിക്കുന്നവരുടെ മനോനില പുറത്തു ചാടുകയാണ്. ജാതിക്കോയ്മയ്ക്കും ഫ്യൂഡല്‍ മനോനിലയ്ക്കും അടിപ്പെട്ടുപോയവര്‍ ജനാധിപത്യസമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്താനുള്ള സ്വന്തം അയോഗ്യതയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ദുസ്വാധീനങ്ങള്‍ക്ക് അടിപ്പെട്ടുപോയവരെ അറിഞ്ഞു തിരുത്തല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കടമയുമാണ്. ആ തിരുത്തലുകള്‍ക്കൊരു ചെറിയ ശ്രമം ഇന്നലെയുണ്ടായി. പക്ഷേ, ഇന്ന് പൂര്‍വാധികം ശക്തിയോടെ അവര്‍ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവു തന്നെ രംഗപ്രവേശം ചെയ്യുകയും അദ്ദേഹത്തിന്റെ ഗ്രൂപ്പ് ഒറ്റക്കെട്ടായി അതിന്റെ പിന്നില്‍ അണിനിരക്കുകയും ചെയ്തിരിക്കുകയാണ്.
ദുര്‍ഗന്ധത്തില്‍ ആറാടുന്നതിലും ഗ്രൂപ്പ് ഐക്യം കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ കാഴ്ചതന്നെയാണേയ്….’