KERALALATEST

ഒടുവില്‍ റിട്ട.ഡിജിപി ജേക്കബ് തോമസിന് തടഞ്ഞുവച്ച ശമ്പളം കിട്ടി, 40.88 ലക്ഷം

തിരുവനന്തപുരം: റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നല്‍കാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് അനുവദിച്ചത്. വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.
വിജിലന്‍സ് ഡയറക്ടറായിരിക്കേ ഒന്നര വര്‍ഷത്തിലേറെക്കാലം സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിയമിച്ചത്. അതുവരെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത പദവിയായിരുന്നു അത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയായതിനാല്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലന്‍സ് മേധാവിയുടെ പദവിക്കു തുല്യമാക്കിയായിരുന്നു നിയമനം.
മുതിര്‍ന്ന ഡിജിപിയായതിനാല്‍ കേഡര്‍ തസ്തികയായ സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ നിയമിക്കണമെന്നു ജേക്കബ് തോമസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണവും കേസുകളുമുള്ളതിനാല്‍ നിയമിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

Related Articles

Back to top button