നാഗ്പുര്‍: ലൈംഗിക ബന്ധത്തിനിടെ യുവാവ് കഴുത്തില്‍ കെട്ടിയിരുന്ന ചരട് മുറുകി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ കാമുകിയെ റിമാന്‍ഡ് ചെയ്തു. നാഗ്പൂരില്‍ 30കാരനായ യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കാമുകിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ജനുവരി 13 വരെ യുവതിയെ റിമാന്‍ഡില്‍ വിട്ടു.
നാഗ്പൂരിലെ ഖാപര്ഖെഡ പ്രദേശത്തെ ഒരു ലോഡ്ജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ശരീരം കയര്‍ കൊണ്ട് കസേരയില്‍ ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് കാമുകി. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവിന് ഈ സ്ത്രീയുമായി ബന്ധമുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ലൈംഗിക ബന്ധത്തിനിടെ നൈലോണ്‍ കയറെടുത്ത് സ്ത്രീ യുവാവിന്റെ കൈകളും കാലുകളും കസേരയില്‍ ബന്ധിപ്പിച്ചു. ലൈംഗിക ആസക്തിക്കായി ഒരു ചരട് കഴുത്തിലും കെട്ടിയിരുന്നതായി പോലീസ് പറയുന്നു.
ലൈംഗിക ബന്ധത്തിനിടെ സ്ത്രീ വാഷ്റൂമില്‍ പോയി. ഈ സമയം കസേര തെറിച്ചുവീഴുകയും കഴുത്തിലെ ചരട് മറുകുകയും യുവാവ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. സ്ത്രീ തിരികെ എത്തിയപ്പോഴേക്കും യുവാവിന് ജീവന് നഷ്ടമായിരുന്നു.
തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരന്റെ സഹായത്തോടെയാണ് സ്ത്രീ യുവാവിന്റെ കെട്ടുകളഴിച്ചത്. ലോഡ്ജ് ജീവനക്കാരുടെ അടക്കം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.