BREAKINGNATIONAL

കാമുകിമാരുമായി സല്ലപിച്ചു, 20 കൗമാരക്കാരെ ജയിലില്‍ അടച്ച് ഉത്തരാഖണ്ഡ്, മൂക്കത്ത് വിരല്‍വച്ച് കോടതി

ന്യൂഡല്‍ഹി: കാമുകിമാരുമായി സല്ലപിച്ച പ്രായപൂര്‍ത്തിയാകാത്ത 20 ആണ്‍കുട്ടികള്‍ തടവിലെന്ന വിവരം കേട്ട് മൂക്കത്ത് വിരല്‍ വെച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജയിലിലാണ് 20 ആണ്‍കുട്ടികള്‍ തടവില്‍ കഴിയുന്നത്. അഭിഭാഷകനായ മനീഷ് ഭണ്ഡാരിയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പെണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ ആണ്‍കുട്ടികളെ മാത്രം തടവിലാക്കിയതിന് കാരണമെന്തെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച നോട്ടീസില്‍ ചോദിച്ചു. ചീഫ് ജസ്റ്റിസ് റിതു ബഹരി, ജസ്റ്റിസ് രാകേഷ് തപ്ലിയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പെണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ ആണ്‍കുട്ടികളെ മാത്രം തടവിലാക്കിയതിന്റെ കാരണം ചോദിച്ചാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പിടിയിലായ ചിലര്‍ക്കൊപ്പം ഉണ്ടായിരുന്നത് അവരേക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടികളായിരുന്നു. എന്നിട്ടും ആണ്‍കുട്ടികളെ മാത്രമാണ് പൊലീസ് തടവിലാക്കിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും മാതാപിതാക്കളെയും കൗണ്‍സിലിങിന് വിധേയരാക്കുകയാണ് വേണ്ടത്. എന്നാല്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി ആണ്‍കുട്ടികളെ ജയിലിലാക്കുകയാണ് ചെയ്തത്. 16-18 വയസ് പ്രായത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ വെക്കാന്‍ ഹൈക്കോടതി ഉത്തരവിടണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നേരിട്ട് ജയിലിലയക്കാതെ ആദ്യം കൗണ്‍സിലിങിന് വിധേയരാക്കണമെന്നും മനീഷ് ഭണ്ഡാരി തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button