കെയ്മാന്‍: മാസ്ക് ധരിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതിനും ശക്തമായ പിഴയാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയില്‍ ശിക്ഷ വരെ അനുഭവിക്കുന്ന കുറ്റം ഉണ്ടെങ്കിലും എല്ലാവരും പിഴ അടച്ച് രക്ഷപെടുകയാണ് പതിവ്. എന്നാല്‍ ക്വറന്റീന്‍ ലംഘിച്ചതിന് ഏറ്റവും വലിയ ശിക്ഷ ലഭിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍.
കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇത്രയും വലിയ ശിക്ഷ നല്‍കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ കരീബിയന്‍ ദ്വീപിലെ കെയ്മാനില്‍ ഈ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരങ്ങള്‍. ഒന്നോ രണ്ടോ ദിവസമല്ല, നാല് മാസം ജയില്‍ ശിക്ഷ അനുഭവിക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. ജോര്‍ജിയായില്‍ നിന്നും ഉപരിപഠനത്തിന് എത്തിയ വിദ്യാര്‍ഥികളായ വജെയ് റംഗീത് (24) പെണ്‍സുഹൃത്തായ സക്കയ്ലാര്‍ മാക്ക (18) ക്കുമാണ് ഇത്രയും കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് 14 ദിവസത്തെ ക്വറന്റൈനില്‍ കഴിഞ്ഞ ഇവര്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങി. കൂടാതെ മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ പൊതുജനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. ഈ കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി 40 ദിവസത്തെ കമ്യൂണിറ്റി സര്‍വീസും 2600 ഡോളര്‍ പിഴയും വിധിച്ചിരുന്നു.
എന്നാല്‍ കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇത് അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബര്‍ 15നാണ് വിധി വന്നത്. ഇതേ തുടര്‍ന്ന് ഇരുവരേയും ജയിലിലടച്ചു.