KERALABREAKING NEWS

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; പാനൂര്‍ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

കണ്ണൂര്‍: പാനൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. മൂന്ന് മണിക്കൂര്‍ മുന്‍ പോസ്റ്റ് ചെയ്ത ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.
അതേസമയം, കൂത്തുപറമ്പിലേത് ആസൂത്രിത കൊലയെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു.
പോസ്റ്റ് വിവാദമായതിന് പിന്നാലെ മകനെ തള്ളി പി ജയരാജന്‍ രംഗത്തെത്തി. ”ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.” പി ജയരാജന്‍ കുറിച്ചു.

Related Articles

Back to top button