BREAKING NEWSKERALA

ഹൈക്കോടതി തള്ളിയ കേസെന്ന ജലീലിന്റെ അവകാശവാദം തള്ളി ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതന്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിച്ചത്. ലോകായുക്ത നിയമപ്രകാരം റിപ്പോര്‍ട്ടിന്‍മേല്‍ മൂന്നുമാസത്തിനകം നടപടിയുണ്ടാകണമെന്നാണ് ചട്ടം.
ജലീലിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് കണ്ടെത്തല്‍.
2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് ഉത്തരവിലൂടെ വ്യക്തമാകുന്നത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞാണ് ഉത്തരവ്. ഇതില്‍ സത്യപ്രതിജ്ഞ ലംഘനം അടക്കമുള്ള എല്ലാ കാര്യങ്ങളും വ്യക്തമാണെന്നും ലോകായുക്ത പറയുന്നു.
നിയമന അധികാരിയായ ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ അപേക്ഷ പോലും രണ്ടാമത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരിട്ട് നിയമന ഉത്തരവിറക്കുകയായിരുന്നു. ഇത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ഉത്തരവില്‍ കണ്ടെത്തി.
തനിക്കെതിരായ പരാതികള്‍ ഹൈക്കോടതി പരിശോധിച്ച് നിരാകരിച്ചതാണെന്ന് കെടി ജലീലിന്റെ വാദം തള്ളുന്ന കാര്യങ്ങളും ഉത്തരവിലുണ്ട്. പികെ ഫിറോസാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവിടെ മറ്റൊരു പരാതിക്കാരനാണുള്ളത്. ഫിറോസിന്റെ ഹര്‍ജിയില്‍ തന്നെ കോടതി അതിന്റെ മെരിറ്റിലേക്ക് പോയി തീരുമാനം എടുത്തിട്ടില്ല. പരാതി ഹര്‍ജിക്കാരന്‍ തന്നെ പിന്‍വലിച്ചതിനാല്‍ മറ്റുനടപടികളെ നിര്‍ദേശങ്ങളോ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കുന്നു.
അതേസമയം ലോകായുക്ത വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

Related Articles

Back to top button