തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എന്‍ഫോഴ്സ്മെന്റ് കേന്ദ്രങ്ങള്‍ പറയുന്നത്. നയതന്ത്ര ബാഗില്‍ മതഗ്രന്ധങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.
സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാര്‍ വാഹനത്തില്‍ മതഗ്രന്ധങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ബി ജെ പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടക്കും.മന്ത്രിക്കെതിരെ ഇന്നലെ രാത്രി വൈകി നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.