BREAKING NEWSKERALA

സിപിഎം പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനെ തോല്‍പിക്കുന്ന വര്‍ഗീയത: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് കേരളത്തില്‍ സംഘ്പരിവാറിനേക്കാള്‍ വലിയ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം സംഘ്പരിവാറിനേക്കാള്‍ വലിയ വര്‍ഗീയത കാണിക്കുന്നതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരസ്ഥാനത്ത് നിര്‍ത്തി.
ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിന്റെ പതിവുരീതിയാണ്. സംഘ്പരിവാരിനെതിരെ വലിയവായില്‍ സംസാരിക്കുകയും പിന്നാക്ക ന്യൂനപക്ഷങ്ങളെ മൂലധനമായി സ്വീകരിക്കുകയും എന്നാല്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തില്‍ സി.പി.എം തുടരുന്നത്. കോടിയേരിയുടെ വാര്‍ത്താ സമ്മേളനവും ധൃതിപിടിച്ച് നടപ്പിലാക്കിയ മേല്‍ജാതി സംവരണവും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
അങ്ങേയറ്റം അഴിമതിയില്‍ ആണ്ടുകിടക്കുന്ന സര്‍ക്കാറിന്റെയോ അതിനെ നയിക്കുന്ന സി.പി.എമ്മിന്റേയോ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും ആവശ്യമില്ല.ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്നോളമുള്ള സാമൂഹ്യ ഇടപെടലുകള്‍ സുതാര്യവും തെളിമയുള്ളതുമാണ്. രാജ്യത്തിന്റെ പൊതുനന്‍മയും മതനിരപേക്ഷതയും മുന്നില്‍കണ്ട് മാനവികവും ജനാധിപത്യപരവുമായ ഇടപെടലുകള്‍ നടത്താന്‍ ജമാഅത്തെ ഇസ്‌ലാമി സാധ്യതയനുസരിച്ച് ശ്രമിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി മുന്‍കാലങ്ങളില്‍ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്ന സി.പി.എം പ്രസ്താവന പരിഹാസ്യമാണ്.
മൂല്യാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്ന കാലത്ത് ജമാഅത്ത് ഇടത്‌വലത് മുന്നണികളില്‍പെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006ലും 2011ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത് മൊത്തത്തില്‍ എല്‍.ഡി.എഫിനെയായിരുന്നു. സി.പി.എമ്മിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ നടത്തിയ സംസാരത്തിന്റെയും പരസ്പര ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പിന്തുണയെന്നിരിക്കെ ഇപ്പോള്‍ ജമാഅത്തില്‍ വര്‍ഗീയ ആരോപിക്കുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുള്ളതായി ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ അക്രമവാഴ്ചയും കൊലപാതക രാഷ്ട്രീയവും കൈമുതലായുള്ള സി.പി.എം ജമാഅത്തെ ഇസ്‌ലാമിക്കുമേല്‍ തീവ്രവാദചാപ്പ ചാര്‍ത്തുന്നതിലെ അപഹാസ്യം പൊതുസമൂഹത്തിന് തിരിച്ചറിയാനാകും. ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ കാരണം കാലങ്ങളായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ചോരുന്നതിന് ജമാഅത്തെ ഇസ്‌ലാമിയെ പഴിച്ചിട്ടെന്ത് കാര്യമെന്നും അമീര്‍ ചോദിച്ചു.
രാജ്യത്താകമാനം വര്‍ഗീയ ഫാഷിസം ആഞ്ഞടിച്ചുകൊണ്ടിരിക്കെ അതിനെതിരെ നിലപാട് സ്വീകരിക്കാന്‍ സന്നദ്ധമാണോ എന്നത് മാത്രമാണ് സി.പി.എമ്മിന്റെ കേരളത്തിലെ പ്രസക്തിയെന്നും അതിന് പകരം സംഘ്പരിവാരിന്റെ ബി ടീമാകാനാണ് താല്‍പര്യമെങ്കില്‍ മതനിരപേക്ഷ ജനാധിപത്യ സമൂഹം സി.പി.എമ്മിന് മറുപടി നല്‍കുമെന്നും ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് കുറിപ്പില്‍ അമീര്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker