ടോക്കിയോ: ജനനനിരക്ക് ക്രമാതീതമായി കുറയുന്നതാണ് വികസിത രാജ്യമായ ജപ്പാനെ കുഴയ്ക്കുന്ന ഒരു പ്രശ്നം. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ പോക്ക് അപകടത്തിലാകുമെന്ന് അറിഞ്ഞാകും, പതിനെട്ടടവും പയറ്റുകയാണ് ഈ രാജ്യം. ജനസംഖ്യ കൂട്ടാന്‍ സാങ്കേതികമായും അല്ലാതെയുമുളള്ള വഴിയാണ് തേടുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജനനനിരക്ക് ഉയര്‍ത്തുന്നതിനായി നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും സോഫ്റ്റ്വെയറുകളും നിര്‍മിക്കാനാണ് ജപ്പാന്റെ പദ്ധതി. കൃത്യതയുള്ള മാച്ച് മേക്കിങ് സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ജനങ്ങളെ ജോടിയാക്കാന്‍ എഐ ഉപയോഗിക്കുന്ന പ്രോജക്റ്റുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 8,65,000ല്‍ താഴെയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ലോകത്ത് ഏറ്റവും കുറവ് കുഞ്ഞുങ്ങള്‍ ജനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്. ഇത് മാറ്റിയെടുക്കാനായി അതിവേഗം വളരുന്ന രാഷ്ട്രം പണ്ടേ വിവിധ വഴികള്‍ തേടുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് ഇതിന്റെ ഏറ്റവും പുതിയ ശ്രമങ്ങളിലൊന്നാണ്. ജപ്പാനിലെ ജനസംഖ്യ 2017 ലെ 128 ദശലക്ഷത്തില്‍ നിന്ന് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 53 ദശലക്ഷത്തില്‍ താഴെയാകുമെന്നാണ് പ്രവചനങ്ങള്‍
അടുത്ത വര്‍ഷം ജനനനിരക്ക് ഉയര്‍ത്താന്‍ പ്രാദേശിക അധികാരികള്‍ക്ക് 1.9 കോടി ഡോളര്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ മനുഷ്യര്‍ നടത്തുന്ന മാച്ച് മേക്കിങ് സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മികച്ചതായിരിക്കും എഐ തെരഞ്ഞെടുക്കുന്ന ജോടികളെന്നാണ് വാദം.