WEB MAGAZINEARTICLES

ലോകം ചുട്ടു പഴുക്കുന്നു

 

ജയരാജൻ സി എൻ

ആമുഖം

ലോകമെമ്പാടും അതിരൂക്ഷമായ ഉഷ്ണ തരംഗങ്ങളും, അതി താപ നിലയും, തീപ്പിടുത്തങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും കോർപ്പറേറ്റ് മാദ്ധ്യമങ്ങളും , കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്ന ഭരണകൂടങ്ങളും ലോകത്തെമ്പാടും ഇവയുടെ മൂലകാരണമായ കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കുന്നതിനാവശ്യമായ തരത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇപ്പോഴും വിമുഖത പുലർത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ആഗോള തലത്തിൽ തന്നെ കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ലോകത്തെ വിഴുങ്ങുന്ന അതിതാപത്തിന്റെ രൂക്ഷതയുടെ കുറച്ചു വിവരങ്ങളെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട് എന്ന ഉദ്ദേശ്യത്തോടെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഈ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്.

യുഎൻ സെക്രട്ടറിയുടെ മുന്നറിയിപ്പ്

ലോകമെമ്പാടും നാശം വിതയ്ക്കുന്ന കാട്ടുതീയും ഉഷ്ണതരംഗങ്ങളും മൂലം മാനവികത “കൂട്ടായ ആത്മഹത്യ”യെ അഭിമുഖീകരിക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിരിക്കയാണ്.

കാലാവസ്ഥാ പ്രതിസന്ധി ചർച്ച ചെയ്യാൻ 40 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരോട് അന്റോണിയോ ഗുട്ടെറസ് നിർദ്ദേശിക്കവേ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “മനുഷ്യരാശിയുടെ പകുതിയും വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവ രൂക്ഷമാകുന്ന അപകടമേഖലയിലാണ്. ഒരു രാജ്യത്തിനും പ്രതിരോധമില്ല. എന്നിട്ടും നമ്മൾ നമ്മുടെ ഫോസിൽ ഇന്ധന ആസക്തിയെ പോഷിപ്പിക്കുന്നത് തുടരുന്നു.”

Inline

അദ്ദേഹം കൂട്ടിച്ചേർത്തു: “ നമുക്ക് മുന്നിലുള്ള മാർഗ്ഗങ്ങൾ കൂട്ടായ പ്രവർത്തനം അല്ലെങ്കിൽ കൂട്ട ആത്മഹത്യ എന്നിവ മാത്രമാണ്.”

അന്താരാഷ്ട്ര പാരിസ്ഥിതിക യോഗങ്ങൾ

യൂറോപ്പിലും വടക്കേ അമേരിക്കയിലും കാട്ടുതീ പടർന്നു കൊണ്ടേയിരിക്കയാണ്. തെക്കേ അമേരിക്കയിൽ, പുരാവസ്തു സൈറ്റിൽ കാലാവസ്ഥാ അതിതാപനം കൊണ്ട് തീപിടുത്തം ഉണ്ടായി. ഇന്ത്യയെയും ദക്ഷിണേഷ്യയെയും ഉഷ്ണതരംഗങ്ങൾ ബാധിച്ചു. ആഫ്രിക്കയുടെ ചില ഭാഗങ്ങളെ വരൾച്ച തകർത്തു. മാർച്ചിൽ ഒരേസമയം രണ്ട് ധ്രുവങ്ങളിലും ഉണ്ടായ അഭൂതപൂർവമായ ഉഷ്ണതരംഗങ്ങൾ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചപ്പോൾ, തുടർന്നുള്ള മാസങ്ങളിൽ കടുത്ത ചൂട് ലോകമെമ്പാടും റെക്കോർഡുകൾ തകർത്തു. യുകെയിൽ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ താപനിലയും ചില സ്ഥലങ്ങളിൽ 40 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലുള്ള ഉയർന്ന താപനിലയും പ്രവചിക്കുന്ന അവസ്ഥയെത്തിക്കഴിഞ്ഞിരിക്കുന്നു. പീറ്റേഴ്‌സ്‌ബെർഗ് ക്ലൈമറ്റ് ഡയലോഗ് എന്നറിയപ്പെടുന്ന ദ്വിദിന കാലാവസ്ഥാ കോൺഫറൻസിനായി ബെർലിനിൽ മന്ത്രിമാർ യോഗം ചേരുമ്പോൾ അത്യുഗ്രമായ കാലാവസ്ഥയെക്കുറിച്ചും ഫോസിൽ ഇന്ധനങ്ങൾക്കും ഭക്ഷണത്തിനുമുള്ള കുതിച്ചുയരുന്ന വിലയെക്കുറിച്ചും കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. ഈ നവംബറിൽ ഈജിപ്തിൽ നടക്കുന്ന കോപ് 27 യുഎൻ കാലാവസ്ഥാ ഉച്ചകോടി രാജ്യങ്ങൾ തമ്മിലുള്ള കരാർ ഉണ്ടാക്കുന്നതിനുള്ള അവസാന അവസരങ്ങളിലൊന്നായി കാണേണ്ടി വരും.

അതേ സമയം Cop27 ന്റെ വിജയ സാധ്യതകൾ സമീപ മാസങ്ങളിൽ ഗണ്യമായി കുറഞ്ഞു വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കാരണം ഊർജ്ജ, ഭക്ഷ്യ വില വർധന ഗവൺമെന്റുകളെ പണപ്പെരുപ്പത്തിലേക്കും അതിൽ മുങ്ങുന്ന ജീവിതച്ചെലവ് പ്രതിസന്ധിയിലേയ്ക്കും നയിച്ചിരിക്കയാണ്. കോവിഡ് -19 മഹാമാരി ഉയർത്തിവിട്ട ദുരിത സാഹചര്യങ്ങൾക്കൊപ്പം സാമ്രാജ്യത്വങ്ങൾക്കിടയിലുള്ള അന്തർലീനമായ വൈരുദ്ധ്യങ്ങളുടെ തുടർച്ചയായ ഉക്രെയ്നിലെ യുദ്ധം കൂടിയാണ് ഇപ്പോൾ ഈ നിലയിൽ എത്തിച്ചിരിക്കുന്നത്.

Cop26-ൽ, ആഗോളതാപനം മൂലമുണ്ടാകുന്ന താപവർദ്ധന 1.5 ഡിഗ്രി സെന്റിഗ്രേഡ് ആയി പരിമിതപ്പെടുത്താൻ രാജ്യങ്ങൾ സമ്മതിച്ചു, എന്നാൽ അവർ നൽകിയ പ്രതിബദ്ധതകൾ അപ്പോഴും അപര്യാപ്തമായിരുന്നു. ദേശീയതലത്തിൽ നിർണ്ണയിക്കപ്പെട്ട സംഭാവനകൾ (NDCs) എന്നറിയപ്പെടുന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്തിനായുള്ള മെച്ചപ്പെട്ട ദേശീയ പദ്ധതികളുമായി ഈ വർഷം മുന്നോട്ട് വരാൻ എല്ലാ രാജ്യങ്ങളും സമ്മതിച്ചുവെങ്കിലും ഇക്കാര്യമൊക്കെ ആശങ്കാപരമായി തുടരുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ അടുത്ത ഉച്ചകോടി എത്രത്തോളം വിജയകരമാവും എഎന്നത് കണ്ടറിയണം.

യൂറോപ്പിൽ ഉണ്ടായ ഉഷ്ണ തരംഗങ്ങളും അതിതാപനവും

പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, മൊറോക്കോ എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ പതിനായിരക്കണക്കിന് ഹെക്ടറിൽ പടർന്നുപിടിച്ച കാട്ടുതീക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അവിടെ നിന്നും വന്നു കൊണ്ടിരുന്നത്. ഉഷ്ണതരംഗം തെക്ക്-പടിഞ്ഞാറൻ യൂറോപ്പിലുടനീളം തീവ്രമായ താപനില കൊണ്ടു വരുകയും നൂറുകണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു കൊണ്ടിരിക്കയാണ്. വേനൽക്കാലത്തെ രണ്ടാമത്തെ ഉഷ്ണതരംഗം – പോർച്ചുഗലിൽ 47 ഡിഗ്രി സെന്റിഗ്രേഡ് (116F) താപനിലയും സ്പെയിനിൽ 45 ഡിഗ്രി സെന്റിഗ്രേഡ്- ഉം സൃഷ്ടിച്ചത് – ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരായ കാട്ടുതീക്ക് വരെ കാരണമായി. പോർച്ചുഗലിൽ, കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് 42 സെന്റിഗ്രേഡ് വരെ താപനില പ്രവചിക്കുകയുണ്ടായി. ജൂലൈ മാസത്തിലെ 47 ഡിഗ്രീ സെന്റിഗ്രേഡ് എത്തിയപ്പോഴേയ്ക്കും രണ്ട് പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പൊള്ളലേൽക്കുകയും 15,000 ഹെക്ടർ വനവും കുറ്റിക്കാടും അഗ്നിക്കിരയാക്കുകയും ചെയ്തു.

ഈ വർഷത്തിന്റെ തുടക്കത്തിനും ജൂൺ പകുതിക്കുമിടയിൽ മൊത്തം 39,550 ഹെക്ടർ (98,000 ഏക്കർ) കാട്ടുതീ മൂലം നശിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നശിച്ച പ്രദേശത്തിന്റെ മൂന്നിരട്ടിയിലധികമാണിത്.

ജൂലൈ 7 മുതൽ 13 വരെയുള്ള കാലയളവിൽ 238 പേർ ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചതായി പോർച്ചുഗൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു, അവരിൽ ഭൂരിഭാഗവും പ്രായമായവരാണ്.

സ്പെയിനിൽ, സംസ്ഥാന കാലാവസ്ഥാ ഏജൻസി ചില പ്രദേശങ്ങളിൽ താപനില 44 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. സ്പെയിനിലെ മിലിട്ടറി എമർജൻസി യൂണിറ്റിലെ 600-ലധികം അംഗങ്ങൾ രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് കാട്ടുതീ സംഭവങ്ങളെ നേരിടാൻ അഗ്നിശമന സേനാംഗങ്ങളെയും വന്യജീവി റേഞ്ചർമാരെയും സഹായിച്ചു കൊണ്ടിരിക്കയാണ്. ഇവിടെ ഇതുവരെ കുറഞ്ഞത് 14,000 ഹെക്ടറിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. തെക്കൻ നഗരമായ മലാഗയ്ക്ക് സമീപമുള്ള മറ്റൊരു തീപിടിത്തത്തെത്തുടർന്ന് 3,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരായതായി രക്ഷാപ്രവർത്തകർ അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ സ്പാനിഷ് മേഖലയായ എക്‌സ്‌ട്രീമദുരയിൽ ആയിരക്കണക്കിന് ഹെക്ടറുകൾ തീ കത്തി നശിച്ചു. ജൈവവൈവിധ്യത്തിനും സമ്പന്നമായ പക്ഷിജീവിതത്തിനും പേരുകേട്ട എക്‌സ്‌ട്രീമദുരയിലെ മോൺഫ്രാഗ് ദേശീയോദ്യാനത്തിന്റെ 200 ഹെക്ടർ സ്ഥലത്തെ മറ്റൊരു തീപിടിത്തം നശിപ്പിച്ചു.

മാഡ്രിഡിൽ ജോലി ചെയ്യുന്നതിനിടെ 60 വയസ്സുള്ള ഒരു തെരുവ് തൂപ്പുകാരൻ അതി താപം മൂലം മരിച്ച സംഭവം മുനിസിപ്പൽ ജീവനക്കാർക്ക് ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങൾ ഒഴിവാക്കി പ്രവൃത്തി സമയം പ്രഖ്യാപിക്കാൻ സിറ്റി കൗൺസിലിനെ പ്രേരിപ്പിച്ചു. സ്പെയിനിലെ കാർലോസ് III പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത്, ഒരാഴ്ചക്കിടയിൽ കഠിനമായ ഉഷ്ണം കാരണം 360 മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അതിൽ 123 പേർ ഒറ്റ ദിവസ മാത്രവുംം മരിച്ചു എന്നായിരുന്നു.

യുകെയുടെ ഭൂരിഭാഗവും മുന്നറിയിപ്പുകളും അതിതാപവുമായി ബന്ധപ്പെട്ടതായി മാറിക്കഴിഞ്ഞിരിക്കയാണ്. ചരിത്രത്തിൽ ആദ്യമായി അസാധാരണമായ ചൂടിനെക്കുറിച്ചുള്ള യുകെയുടെ ആദ്യമായി റെഡ് അലർട്ട് പ്രാബല്യത്തിൽ വന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 41 ഡിഗ്രി സെന്റിഗ്രേഡ് (105.8F) വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അത്. ഇത് രാജ്യത്തിന്റെ റെക്കോർഡ് താപനിലയായിരുന്നു. പിന്നാലെ ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് യാത്രക്കാരോട് അഭ്യർത്ഥനകളുണ്ടായി. ഗതാഗത സേവനങ്ങൾ തടസ്സപ്പെടുമെന്ന കൂടുതൽ ആശങ്കകൾ യുകെയിൽ ഉണ്ടാവുന്നുണ്ട്. അത്യാവശ്യമല്ലാതെ യാത്ര ചെയ്യരുതെന്ന് നെറ്റ്‌വർക്ക് റെയിൽ ജനങ്ങളോട് ആവശ്യപ്പെടുകയും ചില ട്രെയിൻ ട്രാക്കുകൾ ചൂടിൽ തകരാതിരിക്കാൻ വെള്ള പെയിന്റ് ചെയ്തു കഴിഞ്ഞു. നോട്ടിംഗ്ഹാംഷെയറും ഹാംഷെയറും ഉൾപ്പെടെ നിരവധി കൗണ്ടികളിലെ ചില സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു.

2019-ൽ കേംബ്രിഡ്ജിൽ സ്ഥാപിച്ച യുകെയിലെ റെക്കോർഡ് താപനിലയായ 38.7 ഡിഗ്രി സെന്റിഗ്രേഡിന് മുകളിൽ മെർക്കുറി ഇത്തരത്തിൽ ആശങ്കാകുലമായ രീതിയിൽ എത്തിച്ചേർന്നു കഴിഞ്ഞിരിക്കയാണ്.

അമേരിക്കയിലെ ചില സംഭവങ്ങൾ

കാലിഫോർണിയയിലെ യോസെമൈറ്റ് ദേശീയ ഉദ്യാനത്തിലൂടെ പടർന്നുപിടിച്ച കാട്ടുതീ 4,375 ഏക്കറിലധികം (1,770 ഹെക്ടർ) വ്യാപിച്ചുക്കുകയും അത് പിന്നീട് കിഴക്കോട്ട് സിയറ ദേശീയ വനത്തിലേക്ക് വ്യാപിക്കുകയും ചെയ്തു. കുത്തനെയുള്ളതും ദുർഘടവുമായ ഭൂപ്രകൃതിയിൽ, അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുന്നതിൽ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കയാണ്. അവിടത്തെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥകളും ഉണങ്ങിയ സസ്യജാലങ്ങളും കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിച്ചു, ചില പ്രദേശങ്ങളിൽ, ഉയരമുള്ള മരങ്ങളുടെ മേലാപ്പുകളിലേക്ക് തീ വ്യാപിക്കുകയും വലിയ പുകപടലങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആകെയുള്ള തീയുടെ നാലിലൊന്നു മാത്രമാണ് അഗ്നിശമന പ്രവർത്തകർക്ക് അണയ്ക്കാൻ കഴിയുന്നത്. ഇത് കിഴക്കോട്ട് ജനവാസ മേഖലകളിൽ നിന്ന് മാറി സിയറ ദേശീയ വനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയും ചെയ്യുന്നു. തൽഫലമായി വനം അടച്ചുപൂട്ടാൻ പ്രഖ്യാപനമുണ്ടായിരിക്കയാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയ്ക്ക്

ഇന്ത്യയെയും പാകിസ്ഥാനെയും ചുട്ടുപൊള്ളുന്ന ഉഷ്ണതരംഗത്തിന്റെ തോത് കാലാവസ്ഥാ പ്രതിസന്ധി മൂലം 30 മടങ്ങ് കൂടുതലായി മാറിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മാർച്ച് പകുതി മുതലുള്ള അതിരൂക്ഷമായ താപനിലയും കുറഞ്ഞ മഴയും മരണങ്ങൾ, വിളനാശം, കാട്ടുതീ തുടങ്ങിയവ സൃഷ്ടിച്ച് വൈദ്യുതി, ജലവിതരണം എന്നിവ തടസ്സപ്പെടുത്തുന്നതുൾപ്പെടെ വ്യാപകമായ ദുരിതങ്ങൾ സൃഷ്ടിച്ചു. ആഗോളതാപനം ദശലക്ഷക്കണക്കിന് ആളുകളിൽ ഇതിനകം തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ പഠനങ്ങൾ പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്. ആഗോള ശരാശരി താപനില വർദ്ധനവ് ഇതിനോടകം 1.2 ഡിഗ്രി മാത്രമേ ഉയർന്നിട്ടുള്ളൂ. ഇത് 2 ഡിഗ്രി വരെ ഉയരുകയാണെങ്കിൽ, ഇന്ത്യയിലും പാകിസ്ഥാനിലും ഓരോ അഞ്ച് വർഷത്തിലും ഇടയ്ക്കിടെ ഉഷ്ണതരംഗങ്ങൾ ആവർത്തിക്കപ്പെടുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. 122 വർഷം മുമ്പ് റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു 2022 മാർച്ച്. പാകിസ്ഥാനിലും റെക്കോർഡ് താപനിലയാണ് ഉള്ളത്. മാർച്ച് മാസം സാധാരണ സംഭവിക്കുന്നതിലും വളരെ വരണ്ടതായിരുന്നു, ഇന്ത്യയിൽ സാധാരണ മഴയേക്കാൾ 71% കുറവും പാക്കിസ്ഥാനിൽ 62% കുറവുമാണ് ലഭിച്ചത്. ഏപ്രിലിൽ ഉഷ്ണതരംഗം രൂക്ഷമാവുകയും മെയ് മാസത്തിൽ ഏകദേശം 50 ഡിഗ്രി സെൽഷ്യസ് താപനിലയിലേക്ക് എത്തുകയും ചെയ്തു. ചൂടിന്റെ തുടക്കവും മോശം മഴയും ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തെ ബാധിച്ചു, തുടർന്നുള്ള സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധനം ആഗോള വില 6% ഉയർത്തി, ഇത് ആഗോള തലത്തിൽ തന്നെ ഭക്ഷ്യ ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

2010-ൽ ഇന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ റെക്കോർഡ് ബ്രേക്കിംഗ് ഹീറ്റ്‌വേവ് പരിശോധിച്ച് കഴിഞ്ഞയാഴ്ച നടത്തിയ ഒരു പ്രത്യേക പഠനം കാലാവസ്ഥാ പ്രതിസന്ധി മൂലം 100 മടങ്ങ് സാധ്യതയുള്ളതായി കണ്ടെത്തി. ഏറ്റവും സാരമായി ബാധിച്ച പ്രദേശങ്ങളായ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലും തെക്ക്-കിഴക്കൻ പാകിസ്ഥാനിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശരാശരി ദൈനംദിന താപനിലയെ കേന്ദ്രീകരിച്ചാണ് പുതിയ വിശകലനം. ഇന്നത്തെ ചൂടേറിയ കാലാവസ്ഥയിലും മനുഷ്യൻ മൂലമുണ്ടാകുന്ന ആഗോള താപനം ഇല്ലാത്ത ലോകത്തും എത്ര തവണ താപ തരംഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് താരതമ്യം ചെയ്യാൻ ശാസ്ത്രജ്ഞർ കാലാവസ്ഥാ ഡാറ്റയും കമ്പ്യൂട്ടർ മോഡലുകളും ഉപയോഗിച്ചു. ആഗോളതാപനത്തിനിടയിലും, ഓരോ വർഷവും സംഭവിക്കാനുള്ള 1% സാധ്യതയുള്ള നിലവിലെ ദീർഘകാല ഉഷ്ണതരംഗം ഇപ്പോഴും അപൂർവ സംഭവമായിരിക്കേണ്ടതായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ കാലാവസ്ഥാ പ്രതിസന്ധി 30 മടങ്ങ് കൂടുതൽ സാധ്യതയുണ്ടാക്കിയതായി അവർ കണക്കുകൂട്ടി. അതിനർത്ഥം കാലാവസ്ഥാ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഇത് “അസാധാരണമായി അപൂർവ്വമായി” മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

ആഫ്രിക്കയിൽ നിന്ന് ചിലത്

40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് ആഫ്രിക്കയിൽ സംഭവിക്കുന്നത്. ആഫ്രിക്കക്കാരെ കൂടുതൽ പട്ടിണിയിലേക്കാണ് ഇത് തള്ളിവിടുന്നത്. ആഗോള യുദ്ധ സാഹചര്യങ്ങളിലും കോർപ്പറേറ്റ് നയങ്ങൾക്കിടയിലും മൂന്നു മഴക്കാലം തുടർച്ചയായി ഗുണം ചെയ്യാതെ പോയതിന്റെ സംയോജിത ഫലമായി കെനിയ, സൊമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങൾ കൂടുതൽ ദുരിതമയമായിത്തീർന്നിരിക്കയാണ്. ഇതിന്റെ ഫലമായി കന്നുകാലികൾ ചത്തൊടുങ്ങി. ആളുകളെ കൂട്ടത്തോടെ വീടുവിട്ടുപോകാൻ നിർബന്ധിതരാക്കി, കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ അളവ് വർദ്ധിച്ചു. ഗോതമ്പ്, സൂര്യകാന്തി എണ്ണ തുടങ്ങിയ അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുത്തനെ വർദ്ധിച്ചു.

ആഫ്രിക്കയിലെ സോമാലിയൻ പ്രവിശ്യയിൽ മാത്രം 20 ദശലക്ഷത്തോളം ആളുകൾ പട്ടിണി നേരിടുന്നു. വരൾച്ച കൂടുതൽ രൂക്ഷവും നിരന്തരവും ആയിത്തീർന്നിരിക്കുന്നു. ഭക്ഷണ-ഊർജ്ജ ചെലവുകൾ കുത്തനെ കുതിച്ചുയർന്നതിന്റെ ഫലമായി എത്യോപ്യ, കെനിയ, സൊമാലിയ എന്നിവിടങ്ങളിൽ ആളുകൾ മറ്റെവിടെയും ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ്. സൊമാലിയയിൽ, ഏകദേശം 6 ദശലക്ഷം ആളുകൾ, ജനസംഖ്യയുടെ 40%, കടുത്ത പട്ടിണി അനുഭവിക്കുന്നു. വരൾച്ച തുടരുകയും സഹായം ലഭിച്ചില്ലെങ്കിൽ “പട്ടിണിയുടെ യഥാർത്ഥ അപകടസാധ്യത” ഉണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകി. കെനിയയിൽ, ഭക്ഷ്യ സഹായം ആവശ്യമുള്ള ആളുകളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ നാലിരട്ടിയിലധികം വർധിച്ചതായി WFP (ആഗോള ഭക്ഷ്യ പരിപാടി) ചൂണ്ടിക്കാട്ടുന്നു. തെക്ക്, തെക്ക്-കിഴക്കൻ എത്യോപ്യ എന്നിവിടങ്ങളിൽ പ്രതിദിനം 7.2 ദശലക്ഷം ആളുകൾ പട്ടിണി കിടക്കുകയാണ്.
ഉപസംഹാരം

യുഎൻ സെക്രട്ടറി മുതൽ നമ്മുടെ നാട്ടിലെ സാധാരണ പരിസ്ഥിതിസ്നേഹി വരെ ആശങ്കപ്പെടുന്നത് എന്തിനാണ് എന്നത് കുറച്ചെങ്കിലും അറിഞ്ഞിരിക്കേണ്ട ബാദ്ധ്യത നമുക്കൊക്കെയുണ്ട്. ഇതിന്റെ ഗൌരവം മനസ്സിലാക്കി നമ്മുടെ ഭരണകർത്താക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും വരാനിരിക്കുന്ന ദുരന്തത്തിനെതിരെ പ്രവർത്തിക്കാൻ സജ്ജരാക്കിക്കാനുള്ള വഴികൾ നമ്മൾ കൂടി ചേർന്ന് തുറന്നു കൊടുക്കേണ്ടതുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker