LATESTNATIONAL

ജെഇഇ-നീറ്റ് പരീക്ഷ: സത്യഗ്രഹമിരുന്ന എന്‍എസ് യു ദേശീയ അധ്യക്ഷനെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ഇരിക്കുന്ന എന്‍എസ് യു ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദനെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് നീരജിനെ മാറ്റിയിരിക്കുന്നത്. ഡല്‍ഹി പൊലീസ് സംഘം സത്യഗ്രഹ പന്തലില്‍ എത്തിയാണ് നടപടി സ്വീകരിച്ചത്.
ബലമായി സമരക്കാരെ പൊലീസ് ആശുപത്രിയിലാക്കിയെന്നാണ് എന്‍എസ്‌യു ആരോപിക്കുന്നത്. സമരം അവസാനിപ്പിക്കാന്‍ പൊലീസ് ബലപ്രയോഗം നടത്തിയെന്നും എന്‍എസ്‌യു ആരോപിച്ചു. എന്നാല്‍, നീരജിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം.
നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താല്‍ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തില്‍ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമായി ഏഴ് സംസ്ഥാനങ്ങളുടെ സംയുക്തി ഹര്‍ജി കോടതിയില്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരില്‍ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരും ഈ അണിയില്‍ ചേരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമാണ് കോടതിയിലെത്തിയിരിക്കുന്നത്.
ഈ വിഷയത്തിലാണ് എന്‍എസ്‌യു സത്യഗ്രഹ സമരം നടത്തിയിരുന്നത്. മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13നും ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ സെപ്റ്റംബര്‍1 മുതല്‍ 6 വരെയും നടക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27നാണ്.

Related Articles

Back to top button