പെരുമ്പാവൂര്‍: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നിരന്തരം നിയമലംഘനം നടത്തിയിരുന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. പെരുമ്പാവൂരിലെ വര്‍ക് ഷോപ്പില്‍ നിന്നാണ് വാഹനം പിടിച്ചത്. വാഹനം ഉപയോഗിച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
KA 19 AB 1111 എന്ന നമ്പറിലുള്ള മാരുതി ജിപ്‌സി, കഴിഞ്ഞ ഏതാനും നാളുകളായി എറണാകുളം ജില്ലയില്‍ നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയ വാഹനമാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ ഒന്നിലേറെ തവണ കുടുങ്ങിയിട്ടുമുണ്ട് ഈ വാഹനം. എന്നാല്‍ ക്യാമറയില്‍ കുടുങ്ങുന്ന വാഹനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അയക്കുന്ന നോട്ടീസുകളെല്ലാം കിട്ടിയിരുന്നതാകട്ടെ മംഗലാപുരം സ്വദേശിയായ ഒരാള്‍ക്കും.
തന്റെ പേരില്‍ നേരത്തെ ഉണ്ടായിരുന്ന ‘ഒപ്പല്‍ കോഴ്‌സ’ കാറിന്റെ നമ്പര്‍ ഉപയോഗിച്ച് ആരോ നിയമ ലംഘനം നടത്തുന്നെന്ന് കാണിച്ച് ഈ മംഗലാപുരം സ്വദേശി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചു. ഈ പരാതിയെ തുടര്‍ന്ന് വ്യാജ വാഹനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വാഹനം പെരുമ്പാവൂരിലെ വര്‍ക് ഷോപ്പില്‍ നിന്ന് കിട്ടിയത്.
പിടിയിലായ ജിപ്‌സിയുടെ ഷാസി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ഛത്തിസ്ഗഡിലെ വിമുക്ത ഭടന്‍ ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പൊളിക്കാന്‍ കൊടുത്ത വാഹനത്തിന്റെ ഷാസി ദുരുപയോഗം ചെയ്തതാണോ എന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ സംശയം.
കളമശേരിയിലെ വര്‍ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വാഹനം പെരുമ്പാവൂരിലേക്ക് കൊണ്ടു വരികയായിരുന്നെന്നാണ് വര്‍ക് ഷോപ്പ് ഉടമ നല്‍കിയ മൊഴി. കളമശേരിയിലെ വര്‍ക് ഷോപ്പില്‍ ഈ വാഹനം എത്തിച്ചത് ആരാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് പിടിച്ച വാഹനത്തിനു പിന്നിലെ ദുരൂഹതയുടെ തുടര്‍ അന്വേഷണം പെരുമ്പാവൂര്‍ പൊലീസാണ് നടത്തുന്നത്.
57 1 minute read