GADGETSLATESTTECH

ജിയോ ഗ്ലാസ് ലോഞ്ചിങ്ങിന് ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം

കഴിഞ്ഞ മാസം 15ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 43മത് വാര്‍ഷിക പൊതുയോഗത്തിലെ ഒരു സര്‍പ്രൈസ് ആയിരുന്നു ജിയോ ഗ്ലാസ്. വെറുമൊരു കൂളിംഗ് ഗ്ലാസ് അല്ല ജിയോ ഗ്ലാസ്. നിങ്ങളുടെ ഫോണുമായി ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുക, വീഡിയോ കോള്‍ ചെയ്യുക, 3ഡി ഹോളോഗ്രാഫിക് മീറ്റിംഗ് തയ്യാറാക്കിയ എന്നിങ്ങനെ ഒരു പിടി കാര്യങ്ങളാണ് ജിയോ ഗ്ലാസ് ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കുക.
വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ഗ്ലാസ് അവതരിപ്പിച്ചു എങ്കിലും എപ്പോള്‍ വില്പനക്കെത്തും എന്നതിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ദി മൊബൈല്‍ ഇന്ത്യന്‍ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷം മാത്രമേ ജിയോ ഗ്ലാസിന്റെ വരവ് പ്രതീക്ഷിക്കേണ്ടതുള്ളൂ. ‘ഇപ്പോള്‍ ജിയോ ഗ്ലാസിന്റെ ലോഞ്ചിന് മുന്നോടിയായുള്ള ചട്ടക്കൂട് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് റിലയന്‍സ്. ഇത് പൂര്‍ത്തിയാവാതെ ജിയോ ഗ്ലാസ് ലോഞ്ച് ചെയ്യാന്‍ സാധിക്കില്ല’ ജിയോ ഗ്ലാസ്സുമായി ബന്ധപ്പെട്ട ഒരു അടുത്ത വൃത്തത്തെ ഉദ്ധരിച്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല റിലയന്‍സിന്റെ ഉത്പന്നം ആയതുകൊണ്ട് തന്നെ കീശ കാലിയാക്കാത്ത വില ആയിരിക്കും ജിയോ ഗ്ലാസിന് എന്നും റിപ്പോര്‍ട്ട് പറയുന്നു.
ഓഗ്മെന്റ് റിയാലിറ്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി 3ഡി വിര്‍ച്വല്‍ കാഴ്ചയാണ് ജിയോ ഗ്ലാസ് ഒരുക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോമുകളുടെ സബ്‌സിഡിയറിയായ ടെസ്സറാക്ട് ആണ് ജിയോ ഗ്ലാസിന് പിന്നില്‍. ഓഗ്മെന്റ് റിയാലിറ്റി വിഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഇരുപത്തി അഞ്ചോളം ആപ്പുകള്‍ ഇപ്പോള്‍ തന്നെ ജിയോ ഗ്ലാസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
എങ്ങനെയാണ് ജിയോ ഗ്ലാസ് പ്രവര്‍ത്തിക്കുന്നത് എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനിയുടെ പ്രസിഡന്റ് കിരണ്‍ തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ‘ഹലോ ജിയോ, പ്ലീസ് കോള്‍ ആകാശ് ആന്‍ഡ് ഇഷ’ എന്ന നിര്‍ദ്ദേശത്തിനനുസരിച്ച് കോള്‍ കണക്ട് ആയി. ആകാശ് അംബാനി 3ഡി അവതാരത്തിലെത്തിയപ്പോള്‍, സഹോദരി ഇഷ അംബാനി കോളില്‍ പങ്കെടുത്തത് 2ഡി ഇന്റര്‍ഫെയ്‌സിലാണ്. കിരണ്‍ തോമസ് ധരിച്ച ജിയോ ഗ്ലാസിലെ വിര്‍ച്വല്‍ റൂമില്‍ ഇവര്‍ പ്രത്യക്ഷപെട്ടു.
75 ഗ്രാം മാത്രമുള്ള ജിയോ ഗ്ലാസിന്റെ ഡിസൈന്‍ ഏതൊരു കൂളിംഗ് ഗ്ലാസ്സിനും സമാനമാണ്. അതെ സമയം ഫ്രയിമിന് കട്ടി കൂടുതലാണ്. സ്പാഷ്യല്‍, ഡയറക്ഷണല്‍ എക്‌സ്ആര്‍ സൗണ്ട് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യും വിധമാണ് ജിയോ ഗ്ലാസ് നിര്‍മ്മിച്ചിരിക്കുന്നത്. ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പം ചൂട് പുറംതള്ളാന്‍ ജിയോ ഗ്ലാസിന്റെ ഫ്രയ്മില്‍ വെന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെയും പഠനങ്ങളുടെയും ലോകത്ത് ജിയോ ഗ്ലാസ് വന്‍ കുതിച്ചുചാട്ടമാണ് സൃഷ്ടിക്കുക എന്നാണ് റിപോര്‍ട്ടുകള്‍.

Related Articles

Back to top button