BUSINESSMARKET

ഇനി ടയറുകള്‍ ആമസോണില്‍ നിന്നു വാങ്ങാം; സമ്പര്‍ക്കരഹിത വില്‍പനയ്ക്ക് ജെ.കെ ടയേഴ്‌സ്

ഇനി വാഹനത്തിനുള്ള ടയറുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം. പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ ജെ.കെ ടയേഴ്‌സാണ് ആമസോണ്‍ വഴി ടയര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച കരാര്‍ ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ആമസോണുമായി ഒപ്പിട്ടു. കോവിഡ് വ്യാപന സാഹചര്യത്തില്‍ സമ്പര്‍ക്കരഹിത വാങ്ങല്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെ.കെ ടയേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ആമസോണിലൂടെ ഉപയോക്താക്കള്‍ക്ക് ജെ.കെയുടെ മുഴുവന്‍ ശ്രേണി ടയറുകളും വീട്ടുപടിക്കലെത്തിക്കാമെന്നും കമ്പനി പറയുന്നു.
2020 ഓഗസ്റ്റ് 1 മുതല്‍ ജെ.കെയുടെ തെരഞ്ഞെടുത്ത ടയറുകള്‍ ആമസോണില്‍ ലഭ്യമായിരുന്നു. എന്നാല്‍ ജെ.കെ പുറത്തിറക്കുന്ന എല്ലാത്തരം ടയറുകളും ഇപ്പോള്‍ ആമസോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ യാത്രാവാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള ടയറുകളാണ് ആമസോണില്‍ ലഭ്യമായിരുന്നത്. ഓഗസ്റ്റ് 6 മുതല്‍ 7 വരെ ആമസോണ്‍ പ്രൈം ഡേയില്‍ നല്ല ഓഫറില്‍ ജെ.കെ ടയറുകള്‍ ലഭ്യമായിരുന്നു. ഈ സമയത്ത് മികച്ച വില്‍പനയാണ് ജെ.കെ ടയറുകള്‍ നേടിയത്. അതുകൊണ്ടുതന്നെയാണ് മുഴുവന്‍ ശ്രേണിയില്‍പ്പെട്ട ടയറുകളും ആമസോണില്‍ ലഭ്യമാക്കുന്നതെന്ന് ജെ.കെ ടയേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
‘സമ്പര്‍ക്കരഹിതമായതുകൊണ്ടുതന്നെ സാധാരണഗതിയില്‍, ഉപഭോക്താക്കള്‍ ഇകൊമേഴ്‌സിലേക്ക് മാറാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. പണമടയ്ക്കല്‍ മുതല്‍ ഹോം ഡെലിവറി വരെയുള്ള കാര്യങ്ങളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്. ആമസോണ്‍ ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം വാങ്ങുന്നയാള്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മികച്ച വാങ്ങല്‍ അനുഭവം നല്‍കാനുള്ള സമഗ്രമായ ശ്രമമാണ്. ഈ സഹകരണം ജെ കെ ടയറിന്റെ ബ്രാന്‍ഡ് കണക്റ്റിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ‘ ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശ്രീനിവാസു അലഫാന്‍ പറഞ്ഞു.
‘ഉപയോക്താക്കള്‍ക്കായി അവരുടെ പ്രീമിയം ശ്രേണി ടയറുകള്‍ Amazon.inല്‍ ലഭ്യമാക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഈ സമാരംഭത്തോടെ, ഓട്ടോമോട്ടീവ് വിഭാഗത്തില്‍ ശക്തമായ ഒരു ഇടപെടല്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു, ഉപയോക്താക്കള്‍ക്ക് വിശാലമായ തിരഞ്ഞെടുപ്പും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവവും നല്‍കുന്നു. ‘ ആമസോണ്‍ ഇന്ത്യയിലെ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ ശാലിനി പുച്ചാലപ്പള്ളി പറഞ്ഞു.
കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതോടെ ആളുകള്‍ക്ക് കഴിയുന്നത്ര സമ്പര്‍ക്ക രഹിത സേവനങ്ങള്‍ ആഗ്രഹിക്കുന്നു. അത് കണക്കിലെടുക്കുമ്പോള്‍, ആമസോണില്‍ മുഴുവന്‍ ശ്രേണിയും വാഗ്ദാനം ചെയ്യുന്നതിനുള്ള ജെ കെ ടയറിന്റെ നീക്കം സ്വാഗതാര്‍ഹമായ നടപടിയാണ്, മറ്റ് ടയര്‍ നിര്‍മ്മാതാക്കളെയും ഓണ്‍ലൈന്‍ വില്‍പനയിലേക്കു തിരിയാന്‍ ഇത് പ്രേരിപ്പിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

Related Articles

Back to top button