BREAKING NEWSWORLD

ബൈഡന്‍ ആദ്യം ഒപ്പുവെക്കുന്നത് ട്രംപിനെ തിരുത്തുന്ന 15 ഉത്തരവുകളില്‍

വാഷിങ്ടണ്‍: പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു പിന്നാലെ പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നത് ഉള്‍പ്പെടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന 15 എക്‌സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവെക്കുന്നത്.
രണ്ടുമേഖലകളില്‍ നടപടിയെടുക്കാന്‍ ഏജന്‍സികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡന്‍ ആദ്യദിനത്തില്‍ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബില്‍ അതില്‍ ഏറെ പ്രാധാന്യമുള്ളതാണ്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്നതാണ് ബില്‍. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീന്‍ കാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ക്ക് ബില്‍ സഹായകമാകും.
ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ നടപടികളും ട്രംപ് സ്വീകരിക്കുമെന്ന് ബൈഡന്‍ സംഘം വ്യക്തമാക്കി.
പ്രധാനപ്പെട്ട ഉത്തരവുകള്‍
* ലോകാരോഗ്യസംഘടനയില്‍ വീണ്ടും ചേരും
* സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മുഖാവരണം നിര്‍ബദ്ധമാക്കും
*മാര്‍ച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും
*വിദ്യാര്‍ഥിവായ്പകളുടെ ഭാരം ലഘൂകരിക്കും
*പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരും
* മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ക്കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കും
*ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള സഞ്ചാരവിലക്കുകള്‍ അവസാനിപ്പിക്കും
* കുട്ടികളായിരിക്കെ അനധികൃതമായി യു.എസിലെത്തിയവരെ സംരക്ഷിക്കാനുള്ള ഡാക പദ്ധതി ശക്തിപ്പെടുത്തും.

Related Articles

Back to top button