വാഷിങ്ടന്‍: യുഎസിന് ഇനി പുതുനായകന്. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡന്; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യന്‍ വംശജരില്‍ നിന്ന് ഒരാള്‍ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.
പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ യുഎസില്‍ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേര് മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങള്‍ നടക്കുമെന്ന ഭീഷണിയുള്ളതിനാല്‍ മുന്‍പെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡോണള്‍ഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്ഹൗസ് വിടുമെന്നാണു സൂചന. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.
ഭരണത്തുടര്‍ച്ച ലഭിക്കാത്തതില്‍ ക്ഷുഭിതനും നിരാശനുമായ ട്രംപ് ഈ ഔപചാരികതകള്‍ക്കൊന്നും നില്‍ക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റന് എന്നിവര്‍ കുടുംബസമേതം ചടങ്ങിനെത്തും.
ചടങ്ങ് ഇങ്ങനെ (ബ്രാക്കറ്റില്‍ ഇന്ത്യന്‍ സമയം)
രാവിലെ 10:00 (രാത്രി 8:30): ആഘോഷച്ചടങ്ങുകള്‍ തുടങ്ങുന്നു. കലാപരിപാടികളും സന്ദേശങ്ങളും മറ്റും. ദേശീയഗാനം.
12.00 (രാത്രി 10.30): സത്യപ്രതിജ്ഞ. സ്ഥാനാരോഹണ പ്രസംഗം.