കെ എം സന്തോഷ് കുമാര്‍
വെള്ളക്കൊട്ടാരത്തിലെ പ്രസിഡന്റ് സിംഹാസനത്തിലേക്ക് ജോ ബൈഡന് നടന്നു കയറുന്നു. അധികാരം വിട്ടൊഴിയാന്‍ തയ്യാറല്ല എന്ന ട്രംപിന്റെ ഭീഷണിയും അതിനായുള്ള നിയമയുദ്ധങ്ങളും ലോകം പരിഹാസത്തോടെ നോക്കി കാണുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ‘സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക’ എന്ന പ്രസിദ്ധമായ കവിതക്ക്, ‘തെരഞ്ഞെടുപ്പ് ഒരു പ്രഹസനം മാത്രമായ അമേരിക്ക’ എന്ന് ടിപ്പണി എഴുതേണ്ടി വരുമോ എന്ന് ആലോചിച്ചു പോയ ദിവസങ്ങള്‍. താന്‍ മാത്രമാണ് പ്രസിഡന്റാകാന്‍ അര്‍ഹനും യോഗ്യനുമെന്ന അഹന്തയോളമെത്തുന്ന അമിതാത്മവിശ്വാസത്തിന് അമേരിക്കന്‍ ജനത ബാലറ്റിലൂടെ തിരിച്ചടി നല്കിയിരിക്കുന്നു.
മുന്‍പ് എന്നെത്തേക്കാളുപരി ഇത്തവണ ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഉദ്വേഗത്തോടെ ഉറ്റുനോക്കുകയായിരുന്നു അമേരിക്കയിലേക്ക്. ഒരു കറുത്ത വംശജന് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തുക എന്ന ചരിത്ര വിസ്മയം സംഭവിക്കുമോ എന്ന് സ്വാഭാവികമായും ലോകം ഉറ്റുനോക്കിയിരുന്ന ഒബാമ മല്‍സരിച്ച കാലത്തേക്കാള്‍ ഈ തെരഞ്ഞെടുപ്പ് ഘട്ടം ലോകത്തെ സ്വാധീനിച്ചു. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി വിജയത്തിലെത്തിയ ട്രംപിന്റെ പിന്നീടുള്ള ഓരോ നിലപാടും ലോകത്ത് സാധാരണമായ കൗതുകം സൃഷ്ടിക്കുന്നതായിരുന്നു. ഒരു ബിസിനസ്സ് പ്രമാണി മാത്രമായിരുന്ന ട്രംപ്, അമേരിക്ക എന്ന ലോകതലവന് പദവി ഉള്ള (കുറച്ചൊക്കെ സ്വയം കല്പിത പദവി ) രാജ്യത്തെ ഭരണാധികാരിയായതിനു ശേഷം സ്വീകരിച്ച നിലപാടുകള്‍ ലോകതലത്തില്‍ പലപ്പോഴും അവമതിപ്പുളവാക്കുന്നതായിരുന്നു. ഐക്യരാഷ്ട്രസഭക്കും ലോകാരോഗ്യ സംഘടനയ്ക്കും നല്‍കിയിരുന്ന സഹായം നിര്ത്തിവയ്ക്കുന്നിടം വരെ എത്തി ട്രംപിന്റെ അപക്വവും ധാര്ഷ്ട്യപൂര്ണ്ണവുമായ തീരുമാനങ്ങള്‍ . കുടിയേറ്റം തടയാനെന്ന പേരില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്കിടയാക്കി. കോവിഡ് 19 മഹാമാരിക്കെതിരായ കരുതലോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പകരം, സ്വീകരിച്ച അലസ സമീപനവും (താന്‍ മാസ്ക് ധരിക്കില്ല എന്ന പ്രഖ്യാപന മടക്കം) ലോകജനതക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ പദവിയ്ക്കൊത്ത വ്യക്തിയല്ല ട്രംപ് എന്ന അഭിപ്രായത്തിനിടയാക്കി.. ഏറ്റവും പ്രധാനമായി അമേരിക്കന്‍ കറുത്ത വംശജര്‍ക്കെതിരെ നടന്ന അതിക്രമവും അതിനെതിരെ അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും നടന്ന ജനാധിപത്യ പ്രക്ഷോഭവും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കറുത്തവര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ, വിവേചനത്തിനെതിരെ, നീതിക്കും തുല്യതക്കും വേണ്ടിയുള്ള വമ്പന്‍ പ്രക്ഷോഭ ണങ്ങളാല്‍ അമേരിക്കന്‍ തെരുവുകള്‍ പ്രകമ്പനം കൊണ്ട സമയത്തു പോലും, ഒരു ഖേദപ്രകടനത്തിനോ,വെളുത്തവരുടെ ,പൊലീസിന്റെ അതിക്രമത്തെ തള്ളിപ്പറയാനോ പ്രസിഡന്റ് ട്രംപ് തയ്യാറായില്ല .അതൊക്കെ കൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും മത്സര രംഗത്ത് എത്തിയപ്പോള്‍, അദ്ദേഹം ദയനീയമായി പരാജയപ്പെടും എന്ന് ലോകത്ത് വലിയൊരു വിഭാഗം വിലയിരുത്തി, അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിച്ചു. എന്നാല്‍ ഫലമറിഞ്ഞു തുടങ്ങിയപ്പോള്‍ ചിത്രം മാറുകയായിരുന്നു. ബൈഡന് ഒരു ഈസി വാക്കോ വര് സാധ്യമല്ലാതെ വന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ മുള്‍മുനയിലായി ഓരോ നിമിഷവും. എന്താണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍? എന്നും അമേരിക്ക ഒന്നാമത് എന്ന നിലപാടിന്റെ വക്താവായിരുന്നു ട്രംപ് . ലോകത്തെ നയിക്കാന്‍ പ്രാപ്തമായ രാജ്യം അമേരിക്കയും ,അമേരിക്ക ഭരിക്കാന്‍ സര്‍വ്വധാ യോഗ്യന്‍ താനും എന്ന പക്ഷക്കാരനായിരുന്നു ട്രംപ്. സങ്കുചിത ദേശീയ വാദമെന്നോ വംശീയ നിലപാടെന്നോ വിളിക്കാവുന്ന അത്തരമൊരു ആശയത്തിന് അമേരിക്കയില്‍ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാനായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇന്ത്യയടക്കം ലോകത്ത് പല രാജ്യങ്ങളിലും അത്തരമുള്ള നിലപാടുകള്‍ക്ക്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, നേതൃത്വങ്ങള്‍ക്ക് പ്രബലമായൊരു വിഭാഗത്തിന്റെ സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേ പോലെ തന്നെ , അടുത്ത നാളുകളില്‍ ഉയര്‍ന്നു വന്ന കറുത്ത വംശജരുടെ തുല്യതയ്ക്കായുള്ള ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ,അമേരിക്കയിലെ വരേണ്യ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചു. തങ്ങള്‍ ഇതുവരെ അനുഭവിച്ചു പോന്നിരുന്ന, ഒന്നാം പൗര പദവി (നിയമപരമല്ലെങ്കില്‍ പോലും) നഷ്ടപ്പെടുകയും, ബ്ലാക്സ് സമൂഹത്തില്‍ തുല്യതയോ മേല്‍ക്കൈയ്യോ നേടിയെടുക്കുമോ എന്ന ഭയമായിരുന്നു അതിനു പിന്നില്‍. കൗതുകകരമായ ഒരു കാര്യം ,ജനാധിപത്യത്തിന്റേയും ആധുനികതയുടേയും വലിയ മേനി നടിക്കുന്ന അമേരിക്കയില്‍ 1960 കളിലാണ് കറുത്ത വര്‍ഗകാര്‍ക്ക് വോട്ടവകാശം പോലും ലഭിച്ചത് എന്നുള്ളതാണ്. അമേരിക്കയുടെ ഭരണ വ്യവസ്ഥയ്ക്കുള്ളില്‍ ,സാമൂഹ്യ ബോധത്തില്‍ ,ഇത്തരമൊരു വരേണ്യ വംശീയബോധവും ലോകാധിപത്യ ത്വരയും മേധാവിത്ത ചിന്തയും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ അതിനനുയോജ്യമായ ആശയങ്ങളും നിലപാടുകളും പ്രായോഗിക നടപടികളുമായി എത്തുന്ന ഒരാള്‍ക്ക് ,ഒരു പാര്‍ട്ടിക്ക് ആ വിഭാഗത്തിനുള്ളില്‍ വലിയ പിന്തുണ നേടിയെടുക്കാനാകുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥും. ട്രം പിന് കിട്ടിയ പിന്തുണയുടെ സാമൂഹൃ മനശാസ്ത്രം ഇതാണ്.
ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളും മനുഷ്യസ്നേഹികളും ഫാസിസ്റ്റ് വിരുദ്ധരുമായ മനുഷ്യര്‍ ട്രം പിന്റെ പതനം ആഗ്രഹിച്ചിരുന്നു . അത് ബൈഡന്റെ വരവ് അമേരിക്കയിലോ സാര്‍വ്വദേശീയ രംഗത്തോ എന്തെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന വ്യാമോഹം കൊണ്ടൊന്നുമായിരുന്നില്ല. അമേരിക്ക എന്ന സാമ്രാജ്യത്വ രാജ്യത്തിന്റെ ഭരണ താല്പര്യങ്ങളും ,ലോകത്ത് അവര്‍ ലക്ഷ്യം വയ്ക്കുന്ന വ്യാപാര സൈനിക താല്പര്യങ്ങളും ഒന്നും മാറാന്‍ പോകുന്നില്ല എന്നത് സുവ്യക്തമാണ്. പക്ഷേ ഒന്ന് ഉറപ്പിക്കാം ട്രംപിന്റെ ഭരണം പോലെ ആവില്ല ബൈഡന് കാലം. ലോകത്തിലേയും സ്വാരാജ്യത്തിലേയും പ്രശ്നങ്ങളെ, പ്രവണതകളെ , ട്രംപ് നോക്കിക്കണ്ടിരുന്നത് , സങ്കുചിത ദേശീയതയുടേയും താന്‍പോരിമയാര്‍ന്ന കേവല വ്യക്തി വീക്ഷണത്തിന്റേയും സങ്കുചിത കണ്ണുകളാലായിരുന്നു. അതാകട്ടെ പുതിയ കാലത്തെ ഒരു ഭരണാധികാരിക്കും യോജിച്ചതുമല്ല. പല അറബ് രാഷ്ട്രങ്ങളോടും ഉള്ള സമീപനങ്ങളില്‍ ട്രംപ് സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായി ,കുറച്ചു കൂടി ഗുണാത്മകതയുള്ള ,ജനാധിപത്യപരമായ സമീപനമായിരിക്കും ബൈഡന്റേത് എന്ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ പുതിയ ലോകശക്തിയാകാന്‍ എല്ലാ മേഖലകളിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയോട് ,ഇന്ന് അമേരിക്ക തുടരുന്ന സമീപനം തന്നെയായിരിക്കും തുടര്‍ന്നും . എന്നാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സാമ്പത്തിക മേധാവിത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ അത് കുറച്ചു കൂടി പക്വതയാര്‍ന്ന ഭരണാധികാരിയുടെ നയ വൈദഗ്ദ്ധ്യത്തോടെയായി രി ക്കാനാണിട. ഇന്ത്യയോടുള്ള സൗഹൃദം ഏത് ഘട്ടത്തിലും അമേരിയ്ക്കക്ക് ഒഴിച്ചുകൂടാനാവാത്തതാണ് ഇന്നത്തെ ലോക സാഹചര്യത്തില്‍. അത് കൊണ്ട് തന്നെ ബൈഡന്റെ കാലത്തും അത് ഊഷ്മളമായി തുടരും. വ്യാപാര രംഗത്തും സാങ്കേതിക മേഖലയിലും സൈനിക സഹകരണ രംഗത്തും കുറച്ചു കൂടി കാര്യങ്ങള്‍ വിപുലപ്പെടാനാണ് സാധ്യത. അത് പക്ഷേ ഇന്ത്യയുടെ ആത്യന്തിക ഗുണത്തിന് എത്ര മാത്രം ഫലപ്രദമായിരിക്കും എന്നത് ,നമ്മുടെ ഭരണ കര്‍ത്താക്കളുടെ ദീര്‍ഘദൃഷ്ടിയോടുള്ള സമീപനം അനുസരിച്ചിരിക്കും എന്നതും പ്രസ്ക്തമാണ്. അമേരിക്കന്‍ ആഭ്യന്തര രംഗത്ത് എന്തായാലും ചെറുതല്ലാത്ത മാറ്റങ്ങള്‍ ദൃശ്യമാകും ബൈഡന്റ ഭരണ കാലത്ത് എന്നത് സുവ്യക്തമാണ്. അതിനു ഇടയാക്കുന്ന സാമൂഹൃ കാരണങ്ങള്‍ പ്രബലമാണിന്ന്. ഉദാഹരണത്തിന് ,മുന്‍പേയുള്ള അമേരിക്കന്‍ സാമ്പത്തിക നയസമീപനം ,കോര്‍പ്പറേറ്റുകള്‍ക്ക് വലിയ തോതില്‍ സാമ്പത്തികം ലഭ്യമാക്കുന്ന , വമ്പന്‍ ലാഭം ലഭിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നായിരുന്നു. അവര്‍ വലിയ പദ്ധതികള്‍ തുടങ്ങുകയും വ്യാപാരം നടത്തുകയും ചെയ്യുകയും അതിലൂടെ സാധാരണ ജനങ്ങളിലേക്ക് പണം എത്തും എന്ന രീതിയായിരുന്നു. എന്നാല്‍ ഈ കോവിഡ് കാലത്ത് ആഴ്ചയില്‍ 1400 ഡോളര്‍ വീതം ആളുകള്‍ക്ക് ആശ്വാസ ധനം നല്കാന് അമേരിക്ക നിര്‍ബന്ധിതമായി. വലിയ തോതില്‍ നിര്‍ദ്ധനരും തൊഴിലില്ലാത്തവരും ഉള്ള ഒരു രാജ്യം കൂടിയാണ് അമേരിക്ക . പഴയതുപോലെ കോര്‍പ് റേറ്റ് പ്രീണന നയവുമായി മുന്നോട്ടു പോകാനാവാത്ത വണ്ണം സാമൂഹ്യ ചലനങ്ങള്‍ ശക്തമാകുന്നതു കൊണ്ടാണ് അത് വേണ്ടി വന്നത്. അത്തരം സാധാരണ ജനങ്ങളുടെ ക്ഷേമതാല്പര്യങ്ങളെ പരിഗണിക്കുന്ന വിധമാകാതെ തരമില്ല ബൈഡനും. അതിനര്‍ത്ഥം ഉടനെ സോഷ്യലിസ്റ്റാകും എന്നല്ല. ഒരു തമാശയുള്ളത് അമേരിക്കന്‍ ഭരണാധികാര ഭാഷ്യത്തില്‍ സോഷ്യലിസം എന്നത് വര്‍ജ്ജിക്കേണ്ട ഒരു മോശം വാക്കാണ് എന്നതാണ്. സമീപകാലത്തുണ്ടായ കറുത്ത വംശജരുടെ പ്രക്ഷോഭത്തിന് അടിസ്ഥാനമായ വിഷയത്തെ ബൈഡന് അഭിസംബോധ ചെയ്തേ മതിയാകൂ.. ഒരു വശത്ത് അമേരിക്കന്‍ ഭരണവ്യവസ്ഥയില്‍ തന്നെ കറുത്തവര്‍ക്കെതിരായ വിവേചനം ഉള്ളട ങ്ങിയിട്ടുണ്ടെങ്കിലും മുന്‍പേ പോലെ അതിനെ കൈകാര്യം ചെയ്യാനാവില്ല അമേരിക്കക്ക് ഇനി . മാര്ട്ടിന് ലൂതന്‍ കിംഗ് മുതല്‍ ഒബാമ വരെ യുള്ള ചരിത്രത്തില്‍ ഇപ്പോഴും അതൊരു സാമൂഹ്യ യാഥാര്‍ത്ഥ്യമായി നില നില്ക്കുന്നു.
അമേരിക്കന്‍ അധികാര വ്യവസ്ഥയുടെ പ്രതിനിധി ആയിരിക്കുമ്പോള്‍ തന്നെ ,ജനാധിപത്യപരമായ , കുറച്ചു കൂടി നീതി പൂര്‍വ്വമായ സമീപനമായിരിക്കും ബൈഡന് , കറുത്ത വംശജരുടെ പ്രശ്നണ്ടളോട് സ്വീകരിക്കുക എന്ന് പ്രതീക്ഷിക്കാവുന്നതാണ്. കോവി ഡാനന്തര കാലത്തെ തൊഴിലില്ലായ്മയും ,സാമ്പത്തിക പ്രതിസന്ധിയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരിക്കും ബൈഡന്റെ മുന്പിലുയരുന്ന വലിയ വെല്ലുവിളി. ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ സംഭാവന എന്തായിരിക്കും
ലോകബാങ്ക് , ഐക്യരാഷ്ട്രസഭ , ലോകാരോഗ്യ സംഘടന , എന്നിവയോടൊക്കെ ട്രംപ് സ്വീകരിച്ച നിഷേധാത്മക സമീപനമായിരിക്കില്ല ബൈഡന്റേത് എന്നത് നിസ്തര്‍ക്കമാണ്. അത്തരം ആഗോള സ്ഥാപനങ്ങളുടെ നിലനില്പിനെ പിന്തുണക്കുന്നതായിരിക്കും പുതിയ പ്രസിഡന്റിന്റെ സമീപനം . ഒബാമയുടെ കാലത്തടക്കം പല ഘട്ടങ്ങളില്‍ ഭരണരംഗത്തുണ്ടായതിന്റെ അനുഭവം ജോ ബൈഡന്റെ ഭാവി ചുവടുവയ്പുകളില്‍ മുതല്‍ക്കൂട്ടാകും. വ്യക്തി ജീവിതത്തില്‍ സംഭവിച്ച പല ദുരന്തങ്ങളിലൂടെ കടന്നു വന്നതിനാല്‍ സ്ഫുടീ ക രി ക്ക പ്പെട്ട ഒരു മനസുള്ളതിനാല്‍ എന്നതുകൊണ്ടല്ല , മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങളെ ഉള്‍ക്കൊള്ളാതിരിക്കാനാവില്ല ഒന്നാം രാജ്യത്തലവനായ ഭരണാധികാരിക്ക് എന്നതിന്റെ അടിസ്ഥാനത്തിലാണ് ബൈഡനില്‍ നാം ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നത്.