BREAKING NEWSKERALALATEST

ജോസിനെ കൂടെക്കൂട്ടിയാല്‍ യുഡിഎഫ് വിടുമെന്ന് ജോസഫിന്റെ ഭീഷണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് തര്‍ക്കവുമായി ബന്ധപ്പെട്ട് ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതില്‍ കടുത്ത നിലപാടുമായി പിജെ ജോസഫ്. ജോസ് കെ മാണിയെ തിരികെ കൊണ്ടുവന്നാല്‍ യുഡിഎഫില്‍ ഉണ്ടാകില്ലെന്നാണ് നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ബെന്നി ബഹന്നാന്‍ എന്നിവരെ അറിയിച്ചു.
ജോസ് കെ മാണിയുമായി ഒരു മുന്നണിയില്‍ ഒരുമിച്ച് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നത് ശരിയല്ല. യുഡിഎഫ് എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തുന്നതും മുന്നണിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജോസ് വിഭാഗവുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് ജോസഫ് വിഭാഗത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ഇത് നീതി പൂര്‍വ്വമല്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കമ്മിഷനിലെ ഒരംഗം ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പ് അറിയിച്ചുവെന്നും ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വസ്തുനിഷ്ടമല്ലെന്നും അദ്ദേഹം വാദിച്ചു.
ജോസ് കെ മാണിക്ക് ചെയര്‍മാന്‍ എന്ന് കാണിച്ചു ഒരു കത്ത് പുറപ്പെടുവിക്കാന്‍ ആവുമോ? അദ്ദേഹത്തിന് വിപ്പ് നല്‍കാനാവില്ല, കത്തയക്കാന്‍ സാധിക്കില്ല. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നു. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് കോടതി അലക്ഷ്യമാണ്. ഈ കോടതി വിധിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടില്ല. ഇപ്പോഴും പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ താന്‍ തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടില്ല.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്, അതില്‍ റിട്ട് ഹര്‍ജി നല്‍കും. ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ പാടില്ല യോഗം വിളിക്കാന്‍ പാടില്ല എന്നതെല്ലാം നിലനില്‍ക്കുന്നു. തൊടുപുഴ കോടതിവിധിക്കെതിരെ 10 മാസം കഴിഞ്ഞിട്ടും അപ്പീല്‍ പോലും നല്‍കിയിട്ടില്ല.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാര്യങ്ങള്‍ ശരിക്കും പഠിച്ചിട്ടില്ല. ഇന്ന് യോഗമുണ്ട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിപ്പിക്കും. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല എന്നാണ് ബെന്നി ബെഹനാന്‍ പറഞ്ഞത്. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം എന്നാണ് ജോസഫ് പക്ഷത്തിന് പറയാന്‍ ഉള്ളത്. ജോസ് വിഭാഗം സ്വയം പുറത്ത് പോയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരെ അടുത്ത ആഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പല നേതാക്കളും കാര്യം അറിയാതെ പ്രസ്താവന നടത്തുന്നു. വിധിയുടെ വിശദാംശങ്ങള്‍ ബോധ്യപ്പെടുത്താന്‍ യു ഡി എഫ് നേതാക്കളെ ഇന്ന് കാണും. യൂ ഡി എഫ് നേതാക്കളെ കാര്യം ബോധ്യപ്പെടുത്താനവും എന്നാണ് പ്രതീക്ഷ

Related Articles

Back to top button