തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണയില്‍ സംശയം പ്രകടിപ്പിച്ച് സിപിഎം. അവരുടെ പിന്തുണ ചാഞ്ചാടുന്നതാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേരള കോണ്‍ഗ്രസ് (എം) മുന്നണിയില്‍ വന്നതുകൊണ്ട് അതു സ്ഥിരമായി ലഭിക്കാന്‍ പോകുന്നില്ല എന്നതു കണക്കിലെടുത്തു പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എങ്ങനെ നീങ്ങണമെന്ന അവലോകനത്തിലാണു നേതൃത്വം ഈ നിഗമനത്തില്‍ എത്തിയത്.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതു തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ ഗുണം ചെയ്തുവെന്നു സിപിഎം സമ്മതിക്കുന്നു. കോട്ടയം ജില്ലയില്‍ ഇതു സഹായകരമായി. ഇടുക്കിയില്‍ വോട്ട് കൂടിയതിലും അതു ഘടകമായി.
”പക്ഷേ, ഈ വിഭാഗങ്ങള്‍ സ്ഥിരം അടിത്തറയായി മാറുമെന്നു കരുതാന്‍ കഴിയില്ല. ഇവര്‍ക്കുള്ള ചാഞ്ചാട്ട മനോഭാവം ഉപയോഗിച്ചു തിരിച്ചു പിടിക്കാന്‍ യുഡിഎഫ് വലിയ വിട്ടുവീഴ്ച ചെയ്യും. അതുകൊണ്ടു ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള പ്രവര്‍ത്തനം ശ്രദ്ധയോടെ ഈ തിരഞ്ഞെടുപ്പു കാലത്തു ചെയ്യണം”– സംസ്ഥാന കമ്മിറ്റി നിഷ്കര്‍ഷിച്ചു.
കേരള കോണ്‍ഗ്രസ്(എം) എല്‍ഡിഎഫിന്റെ ഭാഗമായാല്ത്തന്നെയും എന്നു വേണമെങ്കിലും തിരിച്ചു പോകാം എന്നായിരുന്നു അവരെക്കുറിച്ചു സിപിഎമ്മിനു നേരത്തേ സിപിഐ നല്കിയ മുന്നറിയിപ്പ്. യുഡിഎഫ് വിട്ടു പുറത്തുനിന്ന സമയത്ത് ഇടതുമായി അടുക്കുന്നുവെന്ന സൂചന നല്കിയ ശേഷം പെട്ടെന്നു കെ.എം. മാണി യുഡിഎഫിലേക്കു മടങ്ങിയതും സിപിഐ ഓര്‍മിപ്പിച്ചിരുന്നു. സിപിഐയുടെ നിഗമനം അതേപടി അംഗീകരിക്കുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് വന്നതിന്റെ ഭാഗമായി കിട്ടിയ ക്രിസ്ത്യന്‍ വോട്ടുകള്‍ തിരിച്ചു യുഡിഎഫിലേക്കു പോയേക്കാമെന്നു പാര്‍ട്ടി സമ്മതിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പിന്തുണ എത്ര കണ്ടു നിര്‍ണായകമെന്ന് 2 മുന്നണികളും കരുതുന്നുവെന്നും സിപിഎമ്മിന്റെ ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.