BREAKING NEWSKERALALATEST

അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നടപടി; ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് കണ്‍വീനര്‍

ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് രംഗത്ത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കണം. തീരുമാനം അനുസരിച്ചില്ലങ്കില്‍ നടപടുയെടുക്കുമെന്നും ബെന്നി ബെഹന്നാന്‍ എംപി പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ജോസ് കെ മാണിയെ സസ്പെന്‍ഡ് ചെയ്തത്. വീണ്ടും ഇതേ സമീപനം തുടര്‍ന്നാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ബെന്നിബഹന്നാന്‍ വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, നാളെ സഭ സമ്മേളിക്കുമ്പോള്‍ സര്‍ക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ജോസ് കെ മാണി പക്ഷവും ജോസഫ് വിഭാഗവും പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ജോസ് കെ മാണിയ്ക്കൊപ്പം രണ്ട് എംഎല്‍എമാരും ജോസഫ് പക്ഷത്ത് നിന്ന് പിജെ ജോസഫ് അടക്കം മൂന്ന് എംഎല്‍എമാരുമാണുള്ളത്.

ജോസ് കെ മാണി പക്ഷത്തിന്റെ റോഷി അഗസ്റ്റിനാണ് പാര്‍ട്ടിയുടെ വിപ്പായി നിയമസഭാ രേഖകളിലുള്ളത്. എന്നാല്‍, പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായുള്ള പിജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതനുസരിച്ച് തങ്ങളുടെ പാര്‍ട്ടിയുടെ വിപ്പ് മോന്‍സ് ജോസഫാണെന്നും അതുകൊണ്ട് തന്നെ മോന്‍സ് ജോസഫിന്റെ വിപ്പിന് മാത്രമേ നിയമ സാധുതയുള്ളുവെന്നുമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് നിലവില്‍ ജോസ് കെ മാണി പക്ഷത്തിന്റെ അഭിപ്രായം. ഇതനുസരിച്ചാണ് പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിരിക്കുന്നത്.അതേസമയം, മോന്‍സ് ജോസഫ് നല്‍കിയിരിക്കുന്ന വിപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ തീരുമാനത്തെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് ജോസ് കെ മാണി പക്ഷത്തിന്റ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Tags

Related Articles

Back to top button
Close