കോട്ടയം: കേരളാ കോണ്‍ഗ്രസ്എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐക്കെതിരായി വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരളാ കോണ്‍ഗ്രസ്എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയത്. ഇതിന് വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്’ ജോസ് കെ. മാണി പറഞ്ഞു.
റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണനും വ്യക്തമാക്കി. സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ പ്രവര്‍ത്തത്തെ അഭിനന്ദിച്ചാണ് യോഗത്തില്‍ സ്ഥാനാര്‍ഥി എന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതെന്നും പ്രമോദ് വ്യക്തമാക്കി.