BREAKING NEWSKERALALATEST

‘രണ്ടില’ ചിഹ്നം ജോസിന്, അപ്പീല്‍ നല്‍കുമെന്ന് ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നതര്‍ക്കത്തില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. പാര്‍ട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നംഗങ്ങളില്‍ രണ്ടുപേരാണ് ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കുന്നതിനെ അനുകൂലിച്ചത്. ഒരംഗം ഈ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതിനാല്‍ ചിഹ്നം അവര്‍ക്ക് നല്‍കി ഉത്തരവിറക്കുകയായിരുന്നു.
ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്. കെ.എം. മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിര്‍ത്ത സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.
രണ്ടില ചിഹ്നം ലഭിച്ചത് ജോസ് കെ.മാണിക്ക് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തല്‍. കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇത് പിന്നീട് തിരഞ്ഞെടുപ്പ് ചിഹ്നത്തിലേക്കും നീണ്ടു. ചിഹ്നം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം, ‘കൈതച്ചക്ക’ ചിഹ്നത്തിലാണ് മത്സരിച്ചത്.

Related Articles

Back to top button