KERALALATEST

സീറ്റുകളുടെ പട്ടിക ജോസ്.കെ. മാണി സിപിഎമ്മിന് കൈമാറിയതായി സൂചന

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി കേരള കോണ്‍ഗ്രസ് കൈകോര്‍ക്കാന്‍ അനൗദ്യോഗിക ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ സിപിഎം നേതൃത്വത്തിന് കൈമാറിയതായി സൂചന.ഇടതുമുന്നണിയുമായുള്ള ധാരണ ഔദ്യോഗികമായില്ലെങ്കിലും, ഒന്നിച്ചുമല്‍സരിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. മുന്നണിപ്രവേശത്തിന്റെ ആദ്യപടിയെന്നനിലയില്‍ കേരള കോണ്‍ഗ്രസ്എമ്മുമായുള്ള നീക്കുപോക്കാണ് സിപിഎം ലക്ഷ്യമിടുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതുവേണമെന്നാണ് ജോസ് വിഭാഗത്തിന്റെ താത്പര്യം.കേരള കോണ്‍ഗ്രസ്എമ്മിന്റെ കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം ജോസ് കെ മാണി പാര്‍ട്ടി ജില്ലാപ്രസിഡന്റുമാരെ പ്രത്യേകം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഓരോ തദ്ദേശസ്ഥാപനത്തിലും യുഡിഎഫില്‍ നിന്ന് പാര്‍ട്ടി മത്സരിച്ച സീറ്റുകളും പുതിയതായി ആവശ്യപ്പെടുന്ന സീറ്റും സംബന്ധിച്ച പട്ടിക ജില്ലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇത് പ്രാദേശികമായി സിപിഎം ഏരിയാ, ജില്ലാ സെക്രട്ടറിമാര്‍ക്കാണ് കൈമാറിയത്.
കേരള കോണ്‍ഗ്രസിന് കാര്യമായ വേരോട്ടമുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസ് വിഭാഗവുമായുള്ള ബന്ധത്തെ എതിര്‍ത്ത സിപിഐ നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോഴേക്കും സഹകരണത്തിനുള്ള സമവായം മുന്നണിയില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button