BREAKING NEWSKERALALATEST

ജോസ്‌മോനെ ഇങ്ങോട്ടുപോരൂ… പരോക്ഷമായി സ്വാഗതം ചെയ്തു കോടിയേരി

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്തേക്ക് പോകാന്‍ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ പരോക്ഷമായി എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ പരോക്ഷ സൂചന നല്‍കിയിരിക്കുന്നത് . അയ്യങ്കാളിസ്മരണയാണ് മുഖപ്രസംഗത്തിന്റെ വിഷയമെങ്കിലും കോടിയേരിയുടെ ലേഖനത്തിന്റെ അവസാനഭാഗത്താണ് സുചന.
”ദേശീയമായി കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി, അതിനേക്കാള്‍ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസിലും ആ കക്ഷി നയിക്കുന്ന യുഡിഎഫിലും. ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ നയിക്കണമെന്ന പക്ഷക്കാരാണ് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം. ഹൈക്കമാന്‍ഡിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കൂ എന്നാണ് ആന്റണിയുടെ വചനം. പക്ഷേ, പാറകള്‍ക്ക് ഇപ്പോള്‍ പണ്ടേപോലെ ഉറപ്പില്ല. കാരണം, ഹൈക്കമാന്‍ഡ് ‘ലോ’ കമാന്‍ഡ് ആയി. എന്നിട്ടും നെഹ്‌റുകുടുംബ ചേരിയിലാണ് ഇക്കൂട്ടര്‍. അതുകാരണം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെയും കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മൃദുഹിന്ദുത്വ അജന്‍ഡ സ്വീകരിച്ചിരിക്കുന്ന കോണ്‍ഗ്രസ് ദേശീയ നിലപാടിനെ തള്ളിപ്പറയാന്‍ കെപിസിസിക്കോ കോണ്‍ഗ്രസ് പ്രതിപക്ഷത്തിനോ നാവ് പൊന്തുന്നില്ല. രാമക്ഷേത്ര പ്രശ്‌നത്തില്‍ രണ്ടുവരി പത്രപ്രസ്താവനയില്‍ കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം ഒതുക്കിയ മുസ്ലിംലീഗിന്റെ നേതൃത്വവുമായി അണികള്‍ കൂടുതല്‍ അകലുകയാണ്. ദേശീയ വിദ്യാഭ്യാസനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മൃദുഹിന്ദുത്വ നയത്തില്‍ ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ വാലായി തുടരണമോയെന്ന ചോദ്യം വിവിധ ഘടകകക്ഷികളിലും അവയിലെ അണികളിലും ഉയരുകയാണ്.
ഇങ്ങനെ യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എല്‍ഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരള കോണ്‍ഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട്‌ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തകരാന്‍ പോകുന്ന കപ്പലില്‍നിന്ന് നേരത്തേ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അപ്പോള്‍ ജോസ് കെ മാണിയും കൂട്ടരും ചെയ്തത്. എന്നാല്‍, ജോസ് വിഭാഗത്തെ യുഡിഎഫില്‍ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് – മുസ്ലിംലീഗ് നേതാക്കള്‍ പലവിധ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിള്ളലേറ്റത്. ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവവികാസമാണ്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിര്‍വരമ്പും കടന്നിരിക്കുകയാണ്. ഇത്തരം സംഭവഗതികള്‍ യുഡിഎഫിന്റെ ശക്തിയെയും നിലനില്‍പ്പിനെയും സാരമായി ബാധിക്കും. മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ പ്രകടമാകുന്ന അന്തരവും ഇവിടെ തെളിയുന്നുണ്ട്.
എല്‍ഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയകൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ, അന്തഃച്ഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തരകലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ കക്ഷിയാകില്ല. എന്നാല്‍, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും”, എന്ന് കോടിയേരി എഴുതുന്നു.
വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ കൂടെക്കൂട്ടാന്‍ തന്നെയാണ് സിപിഎം തീരുമാനമെന്നും, അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും ഈ ലേഖനത്തിലൂടെ വ്യക്തമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ സഹകരണമായിരിക്കും ലക്ഷ്യം, അതിന് ശേഷം ഇടത് മുന്നണിയിലേക്ക് ജോസ് കെ മാണി ഔദ്യോഗികമായി എത്തിയേക്കും. ഘടകകക്ഷിയായ സിപിഐ ഇതിനോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ സര്‍ക്കാരിനെ പിടിച്ചുലയ്ക്കുമ്പോള്‍ സിപിഐ ഇതില്‍ എന്ത് നിലപാടെടുക്കുമെന്നത് ശ്രദ്ധേയവുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker