LATESTKERALAPOLITICS

ജോസ് കെ മാണിയെ മുന്നണിയിലെടുത്തിട്ട് പ്രയോജനമില്ല; പരസ്യമായി എതിര്‍ത്ത് സിപിഐ

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു.ജോസ് വിഭാഗം യുഡിഎഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല, സി.കെ.ശശിധരന്‍ പറഞ്ഞു.

ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് സ്ഥാപകദിനമായ വെള്ളിയാഴ്ച മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മുന്നേയാണ് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തിയത്.

രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ ഇപ്പോഴും അവര്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker