വടുവന്‍ചാല്‍ (വയനാട്): മൂപ്പൈനാട് നല്ലന്നൂരില്‍ പുലി ബൈക്കിനു കുറുകെച്ചാടി ഒരാള്‍ക്ക് വീണുപരിക്കേറ്റു. നല്ലന്നൂര്‍ പുളിക്കായത്ത് ജോസിനാണ് കാലിന് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നല്ലന്നൂര്‍ പുന്നമറ്റത്തില്‍ ജോയിയുടെ തൊഴുത്തില്‍ക്കെട്ടിയ പശുക്കിടാവിനെയും രാത്രിയില്‍ പുലി ആക്രമിച്ചു.
മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ നല്ലന്നൂര്‍ പ്രദേശം ഏറെക്കാലമായി പുലിപ്പേടിയിലാണ്. കുറച്ചുമാസങ്ങളായി വലിയഭീതിയിലാണിവര്‍. രണ്ടുമാസത്തിനിടെ ഏഴുപശുക്കളെയാണ് പുലി പിടിച്ചത്. ഇതില്‍ മൂന്നെണ്ണം ചത്തു. പല പശുക്കളും ഇപ്പോഴും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
റിപ്പണ്‍ 52-ല്‍ കച്ചവടം നടത്തുന്ന ജോസ്, രാത്രിയില്‍ കടയടച്ചുവരുമ്പോഴാണ് പുലിയുടെ മുന്നില്‍പ്പെടുന്നത്. വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള തേയിലത്തോട്ടത്തില്‍വെച്ചാണ് പുലി കുറുകെച്ചാടിയത്. ”കൂരിരുട്ടും ശക്തമായ മഴയുമുണ്ടായിരുന്നു. പെട്ടെന്ന് പുലിയുടെ മുന്നില്‍പ്പെട്ടതോടെ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിയുകയായിരുന്നു” -ജോസ് പറഞ്ഞു. കാലിനുപരിക്കേറ്റ ഇദ്ദേഹത്തെ രാവിലെ വനപാലകരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അര്‍ധരാത്രിയോടെയാണ് നല്ലന്നൂര്‍ പുന്നമറ്റത്തില്‍ ജോയിയുടെ തൊഴുത്തില്‍ പുലിയെത്തിയത്. രണ്ടരവയസ്സുള്ള പശുക്കിടാവിനെ പുലി ആക്രമിച്ചു.
പശുക്കളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വൈദ്യുതിയില്ലാത്ത സമയമായതിനാല്‍ തൊഴുത്തിനടുത്തേക്ക് ടോര്‍ച്ചടിച്ചു. തൊഴുത്തില്‍നിന്നിറങ്ങിയ പുലി തങ്ങള്‍ക്കുനേരേയും ചീറിയടുക്കാന്‍നോക്കിയെന്ന് ജോയി പറഞ്ഞു. ഭാര്യയെയും മകനെയും കൂട്ടി അകത്തുകയറി വാതിലടയ്ക്കുകയായിരുന്നു ജോയി. കഴുത്തിന് പരിക്കേറ്റ പശുക്കിടാവ് അപകടനില തരണംചെയ്തിട്ടില്ല. രാവിലെ ഡോക്ടറെത്തി കുത്തിവെപ്പെടുത്തു. കഴുത്തില്‍ ആഴത്തില്‍ മുറിവുള്ളതിനാല്‍ പശുക്കിടാവിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ല.
73 1 minute read