തിരുവനന്തപുരം: പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് നടപടി.
റോഷി അഗസ്റ്റിന് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടിസില്‍ പറയുന്നത്.
അതേസമയം, ഇടതു മുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. എംഎന്‍ സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്.
മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ല. ഭാവി കാര്യങ്ങള്‍ മുന്നണിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.