കോട്ടയം: കോട്ടയത്തെ ഒരു സീറ്റൊഴികെ എല്ലാം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് ജില്ലാനേതൃത്വത്തിന്റെ ആവശ്യം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു പ്രതിസന്ധിയുണ്ടാക്കും. കടുത്തുരുത്തിയൊഴികെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് വ്യാഴാഴ്ചയാണ് ഡി.സി.സി. കത്ത് നല്‍കിയത്.
കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച ആറു സീറ്റുകളും വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. മൂന്നെണ്ണമെങ്കിലും കിട്ടാമെന്നും അവര്‍ കരുതിയിരുന്നു. പക്ഷേ, ഇപ്പോഴത്തെ നിലയ്ക്ക് അത് ഒന്നായി ചുരുങ്ങും. മോന്‍സ് ജോസഫിന്റെ കടുത്തുരുത്തി, പരേതനായ സി.എഫ്. തോമസ് വിജയിച്ച ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോണ്‍ഗ്രസിനു ലഭിക്കുക. കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നിവയാണ് മറ്റു കോണ്‍ഗ്രസ് സീറ്റുകള്‍.
ജോസഫിനൊപ്പം നേതാക്കളുടെ വലിയൊരു നിരയാണുള്ളത്. ഇവര്‍ക്കെല്ലാം സീറ്റ് കണ്ടെത്തുക പ്രധാനമാണ്. ജോയി ഏബ്രഹാം, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്, ജോസഫ് എം. പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ക്കുള്ള സീറ്റാണ് കണ്ടെത്തേണ്ടത്.
കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളെല്ലാം കിട്ടുകയെന്നതാണ് പാര്‍ട്ടിയുടെ ആവശ്യമെന്ന് നേതാക്കള്‍ പ്രതികരിച്ചു. മുന്നണി എന്ന നിലയില്‍ ധാരണകളോടെ തങ്ങളുടെ ആവശ്യം നടപ്പാക്കുകയാണുലക്ഷ്യം. ജോസ് വിഭാഗത്തിന് ഇടതുമുന്നണിയില്‍ കിട്ടുന്നത്ര സീറ്റുകളെങ്കിലും ജോസഫ് വിഭാഗത്തിന് യു.ഡി.എഫില്‍ ഉറപ്പാക്കേണ്ടതുണ്ട്.