BREAKING NEWSKERALA

ജോസഫിനേയും മോന്‍സിനേയും അയോഗ്യരാക്കാന്‍ നടപടി സ്വീകരിക്കും: ജോസ്.കെ.മാണി

കോട്ടയം: പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി.
‘കഴിഞ്ഞ മാസം 24ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനില്‍ക്കാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് പി.ജെ.ജോസഫ്, മോന്‍സ് ജോസഫ് എന്നീ എംഎല്‍എമാര്‍ ലംഘിച്ചു. അവര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കും. അയോഗ്യത നടപടിയെടുക്കണമെന്ന് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടു’ ജോസ് കെ.മാണി പറഞ്ഞു.
രണ്ട് പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട് സീറ്റില്‍ അവകാശവാദം വിട്ടുകൊടുക്കില്ല. കാലങ്ങളായി കേരളാ കോണ്‍ഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള അവകാശവും കേരളാ കോണ്‍ഗ്രസിന് തന്നെയാണ് . എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാന്‍ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുകയാണ്. തോറ്റു തുന്നംപാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു ,
തെറ്റു തിരുത്തിയാല്‍ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് പിജെ ജോസഫ് പറയുന്നത്. ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ് കെ മാണി ചോദിക്കുന്നു. പലരും കേരളാ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതില്‍ സന്തോഷം ഉണ്ട് ഉചിതമായ തീരുമാനം എടുക്കും. അത് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാകുമെന്നും ജോസ് കെ മാണി അറിയിച്ചു.
പാലായും കുട്ടനാടും എന്‍സിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker