കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് ആണ് സംഭവം. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെ യാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.
രാത്രി 9.45യോടെ വീടിനു മുന്നില്‍ നില്‍ക്കുമ്പോളാണ് ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍ സിങ്ങ് തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു.
രത്തന്‍ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. . ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ വെടിവച്ചു കൊന്നിരുന്നു.