BREAKING NEWSLATESTNATIONAL

ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചതിന് പിന്നാലെ വീണ്ടും കര്‍ഷക സമരത്തെ പിന്തുണച്ച് ട്രൂഡോ

ഒട്ടാവ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്രൂഡോ മുമ്പ് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കാന്‍ കനേഡിയന്‍ ഹൈക്കമ്മീഷ്ണറെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ട്രൂഡോ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
കനേഡിയന്‍ നേതാക്കളുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ട്രൂഡോ നിലപാട് ആവര്‍ത്തിച്ചത്. അതേസമയം കഴിഞ്ഞ പത്ത് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തുന്ന ചര്‍ച്ചകളെ ട്രൂഡോ സ്വാഗതം ചെയ്തു.
കര്‍ഷക സമരം സംബന്ധിച്ച വിഷയത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും നടത്തിയ പരാമര്‍ശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്ന് വെള്ളിയാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.
കര്‍ഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു. ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ ആദ്യം നടത്തിയ പരാമര്‍ശം. ഇന്ത്യയിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ടെന്നും നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയും അനാവശ്യവുമായ പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker