LATESTNATIONAL

ഇന്ത്യയിലെ കര്‍ഷകരുടെ സാഹചര്യം ആശങ്കാജനകമെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അറിവില്ലായ്മയെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അഭിപ്രായങ്ങള്‍ അറിവില്ലായ്മയും അനാവശ്യവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ കര്‍ഷകരുടെ സാഹചര്യം ആശങ്കാജനകമാണെന്നാണ് ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടത്.
‘കനേഡിയന്‍ നേതാക്കള്‍ ഇന്ത്യയിലെ കര്‍ഷകരുമായി ബന്ധപ്പെട്ട ചില മോശം അഭിപ്രായങ്ങള്‍ പറഞ്ഞതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അത്തരം അഭിപ്രായങ്ങള്‍ അനാവശ്യമാണ്, പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട്, ‘ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനകളെ തള്ളി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
‘രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നയതന്ത്ര സംഭാഷണങ്ങള്‍ തെറ്റായി ചിത്രീകരിക്കാതിരിക്കുന്നതാണ് നല്ലത്,’ ഇന്ത്യ കടുത്ത സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കിയ കര്‍ഷകരെ പിന്തുണച്ച ജസ്റ്റിന്‍ ട്രൂഡോ, ‘സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കാനഡ എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരിക്കും’ എന്ന് പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്ന ആദ്യത്തെ ലോകനേതാവാണ് 48 കാരനായ ട്രൂഡോ.
‘കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്, എല്ലാവരുടെയും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ് ഞങ്ങള്‍. നിങ്ങളില്‍ പലര്‍ക്കും ഇത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ, സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കാനഡ എല്ലായ്‌പ്പോഴും കൂടെ ഉണ്ടാകും,’ ഗുരു നാനാക്കിന്റെ 551ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ ട്രൂഡോ പറഞ്ഞു. പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Back to top button