KERALABREAKING NEWSLATEST

തിരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡ് പോയി എന്ന് കരുതരുത്, ഇനി നിര്‍ണായകം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡ് എല്ലാം പോയി എന്ന് കരുതാതെ നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏല്‍ക്കലും പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിര്‍വഹിക്കണമെന്നും അതിനുശേഷം വലിയ ആള്‍ക്കൂട്ടവും പ്രകടനവും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
‘തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരല്‍ ഉണ്ടായി. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരും എന്ന ഭയം ഉണ്ട്. അവിടവിടെയായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ മീറ്റിങ്ങുകളും പരിപാടികളും നടത്താന്‍ പാടുളളൂ എന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും വലിയ ആള്‍ക്കൂട്ടങ്ങള്‍ പലയിടത്തും ഉണ്ടായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം വളരെ കരുതിയിരിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മാസ്‌ക് ധരിച്ചുമാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. അകലം പാലിക്കണം.
ഇനിയുളള ദിവസങ്ങളില്‍ കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരില്‍ നിന്നെങ്കിലും ആര്‍ക്കെങ്കിലും പകര്‍ന്നിട്ടുണ്ടെങ്കില്‍ അത് വീണ്ടും ആളുകളിലേക്ക് പകരാന്‍ ഇടയാക്കും. അതുകൊണ്ട് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങുക. ഒരോ വ്യക്തിയും സെല്‍ഫ് ലോക്കഡൗണ്‍ പ്രഖ്യാപിക്കണം. ഷോപ്പിങ്ങിന് കുട്ടികളെയെല്ലാം കൂട്ടിപ്പോകുക, വിവാഹാഘോഷങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടാക്കുക, ഉത്സവാഘോഷങ്ങള്‍ക്ക് കൂട്ടത്തോടെ പങ്കെടുക്കുക ഇതിനൊന്നും സമയമായിട്ടില്ല. ഒരു വാക്‌സിന്‍ വരുന്നത് വരെ ക്ഷമിച്ചേ മതിയാകൂ’വെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും രോഗവ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യാനുളള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ക്രമാതീതമായി കേസുകള്‍ ഉയര്‍ന്നാല്‍ ആശുപത്രികളില്‍ അതിനുളള സൗകര്യം ലഭിക്കാതെ വരികയും ആളുകള്‍ക്ക് ചികിത്സ ലഭിക്കാതെ വരികയും ചെയ്യും. അതുകൊണ്ട് ഓരോ വ്യക്തിയും ശ്രദ്ധിക്കണം. സംശയം തോന്നുന്ന എല്ലാവരും ടെസ്റ്റിന് വിധേയമാകണം.തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുണ്ടാകുന്ന വര്‍ധനവിനെ ഒരു മരണകാരണമാകാതെ മാറ്റാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker