കേരളത്തിന്റെ സ്വന്തം ലീഡര്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് ഓര്‍മ്മയായിട്ട് ഇന്ന് 10 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ എണ്ണംപറഞ്ഞ നേതാക്കളുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വാക്കിനര്‍ഹനായത് ഒരേയൊരാള്‍. ആ വാക്കുകേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ഒരേയൊരു മുഖം.
കെ. കരുണാകരനെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ഏകദേശധാരണ എല്ലാവര്‍ക്കുമുണ്ട്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യതവണ 1977 മാര്‍ച്ചുമുതല്‍ ഏപ്രില്‍വരെയുള്ള ഒരുമാസവും 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ചുവരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതല്‍ 1987 വരെയും 1991 ജൂണ്‍മുതല്‍ 1995 ജൂണ്‍വരെയും നീണ്ടകാലം കേരളത്തിന്റെ മുഖ്യമന്ത്രി. കൂടാതെ, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപവത്കരിക്കുകയും ഇടതുചായ്വുള്ള കേരളത്തില്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ ഭരണശക്തിയാക്കി മാറ്റുകയുംചെയ്തു.
സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു അദ്ദേഹം. 1965ലെ നിയമസഭാതിരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാല്‍പ്പതുകളിലും നേട്ടങ്ങള്‍കൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരന് നിറഞ്ഞുനില്ക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്. രാഷ്ട്രീയനിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47കാരനായ കരുണാകരന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടര്‍ച്ചയായി മാളയില്‍നിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വര്‍ഷങ്ങളില്‍ മാളയെ പ്രതിനിധാനംചെയ്ത് അദ്ദേഹം നിയമസഭയിലെത്തി.
ക്ഷീണാവസ്ഥയിലായിരുന്ന കോണ്‍ഗ്രസ്പാര്‍ട്ടിക്ക് പുതുജീവന്‍ നല്കി കേരളത്തിലെ ശക്തമായ സാന്നിധ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതും അദ്ദേഹമാണ്. 1967ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരന് കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നത് ചുരുക്കം. വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍നിര്‍മിച്ചു. തൊട്ടടുത്ത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. കേരളത്തിലും പാര്‍ട്ടി ഇല്ലാതാകുമെന്ന് പലരും കണക്കുകൂട്ടി.
എന്നാല്‍, ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്പ്പോഴും വിജയംകണ്ടില്ല. ഒരു ചെറിയകാലം പാര്‍ലമെന്റില്‍ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനംചെയ്തിരുന്നു. അതായത്, അദ്ദേഹമെന്റെ മുന്ഗാമിയായിരുന്നു എന്നുപറയാനുള്ള ഭാഗ്യം എനിക്കുണ്ടെന്നര്ഥം. വളരെ ദയാലുവായ ഒരു മനുഷ്യനായിരുന്നു ലീഡര്‍. എന്നെ അദ്ദേഹത്തിനുപരിചയപ്പെടുത്തിയ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന് നന്ദിപറയുന്നു. 2008’09ല്‍ കേരളരാഷ്ട്രീയത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പിനുവേണ്ട ഉപദേശങ്ങള്ക്കുവേണ്ടിയായിരുന്നു അത്. കരിക്കിന്‍വെള്ളം കുടിച്ചുകൊണ്ട് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് ഞങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ ഇന്നുമോര്‍ക്കുന്നു. എന്റെ ആദ്യതിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടായിരുന്നുവെന്നത് ഞാന്‍ അഭിമാനത്തോടെ പറയുന്ന കാര്യമാണ്. എന്റെ സ്ഥാനാര്ഥികണ്വെന്ഷന് ഉദ്ഘാടനം ചെയ്തതും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. അദ്ദേഹം അവസാനമായി പങ്കെടുത്ത പ്രധാന പാര്‍ട്ടി പരിപാടിയിലൊന്നും അതായിരുന്നു.
കെ. കരുണാകരന് മുന്‍പും ശേഷവും കേരളത്തില്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളുമുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും തര്‍ക്കമില്ലാത്തവണ്ണം അദ്ദേഹം മാത്രം ‘ലീഡറായി’ മാറിയത് എന്തുകൊണ്ടാണ്. ധൈര്യത്താലും പ്രതിബദ്ധതയാലും അടയാളപ്പെടുത്തപ്പെട്ട രാഷ്ട്രീയ അതികായന് എന്നതിനപ്പുറം, സംസ്ഥാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, ചിന്തയിലും പ്രവൃത്തിയിലും വ്യക്തതപുലര്ത്തിയ, ആരെയും ഭയക്കാതെയും ആരെയും പ്രീണിപ്പിക്കാതെയും സത്യസന്ധമായും ആത്മാര്‍ഥമായും നിഷ്പക്ഷമായും അവ നടപ്പാക്കുകയുംചെയ്ത അതുല്യനായ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. തങ്ങള്‍ കണ്ടതില്‍െവച്ച് ഏറ്റവും മികച്ച മേലധികാരിയായിരുന്നു കെ.കരുണാകരനെന്ന് അദ്ദേഹത്തിനുകീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഓരോ ഉദ്യോഗസ്ഥനും ഉന്നത പോലീസുദ്യോഗസ്ഥരും പറയും.
പരമ്പരാഗത രാഷ്ട്രീയക്കാര്‍ അസാധ്യമെന്നുപറഞ്ഞ് എഴുതിത്തള്ളിയിരുന്ന പല അടിസ്ഥാനസൗകര്യവികസന പദ്ധതികളും കെ. കരുണാകരന് ഏറ്റെടുത്ത് യാഥാര്ഥ്യമാക്കിയിട്ടുണ്ടെന്ന വസ്തുത എല്ലാവര്‍ക്കുമറിവുള്ളതാണ്. അദ്ദേഹം ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനും കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരംനല്‍കിയത്. അവ നടപ്പാക്കുകയും ചെയ്തു എന്നുള്ളതാണ് അതിലും പ്രധാനപ്പെട്ട കാര്യം. ധൈര്യവും ചിന്താശേഷിയും രാഷ്ട്രീയപ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും ഉദ്യോഗസ്ഥവൃന്ദമൊരുക്കുന്ന ഊരാക്കുടുക്കുകളെ അഴിച്ചെടുത്ത് മുന്നേറാനുള്ള കഴിവുമെല്ലാം വേണ്ടിയിരുന്നു ഈ രണ്ട് പദ്ധതികളും പൂര്‍ത്തിയാക്കാന്‍.
1994ല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കെ.കരുണാകരന് ഒരു ധീരമായ നടപടിയെടുത്തു. നെടുമ്പാശ്ശേരിയില്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ (സിയാല്‍) നിര്‍മാണത്തിനായി പൊതുസ്വകാര്യ പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ചു.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഈ ആശയം നടപ്പാക്കാന്‍ പിന്നെയും പതിറ്റാണ്ടെടുത്തു. പൊതുസ്വകാര്യ പങ്കാളിത്തതില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട വിമാനത്താവളമായി സിയാല്‍ മാറി. ഇത് സാധ്യമാവില്ലെന്ന് വിമര്‍ശിച്ചവര്‍ ഒരുപാടുപേരുണ്ടായിരുന്നു. അതിനെയെല്ലാം കെ.കരുണാകരന് മറികടന്നു. മറ്റാര്‍ക്കും ചെയ്യാനാവാത്ത ഒന്നായിരുന്നു അത്. വാസ്തവത്തില്‍ കെ.കരുണാകരന് ‘ലീഡര്‍’ ആയി മാറിയത് അതോടെയാണ്.