കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന് പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എല്‍.എ.
മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്സുകാര് പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.
എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല.
വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.
ഇതിനിടെ ഷാജിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലന്‍സിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെ അവസാനിച്ചു.