കോഴിക്കോട്: തനിക്കു രണ്ടു പാന്‍ കാര്‍ഡ് ഉണ്ടെന്ന സിപിഎം ആരോപണം ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പു കമ്മിഷനും നേരത്തേ തള്ളിയതാണെന്നു കെ.എം.ഷാജി എംഎല്‍എ.
പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടപ്പോള്‍ 2014ല്‍ ഡ്യൂപ്ലിക്കറ്റ് കാര്‍ഡിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ആദായനികുതി വകുപ്പ് പുതിയ കാര്‍ഡാണ് അനുവദിച്ചത്. അതു ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആദ്യത്തെ പാന്‍ കാര്‍ഡ് റദ്ദാക്കി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുതിയ പാന്‍ നമ്പറാണു രേഖപ്പെടുത്തിയത്. അതിനെതിരെ സിപിഎം നല്കിയ പരാതി ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷനും തള്ളുകയായിരുന്നുവെന്നും ഷാജി പറഞ്ഞു.
കെ.എം. ഷാജി എംഎല്‍എയുടെയും ഭാര്യയുടെയും ആസ്തി സംബന്ധിച്ചു കോഴിക്കോട് കോര്പറേഷന്, കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) റിപ്പോര്‍ട്ട് നല്‍കും. കണ്ണൂര്‍ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിച്ചതിനു ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ആസ്തികളെക്കുറിച്ചു റിപ്പോര്‍ട്ട് നല്കാന് തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഇഡി ആവശ്യപ്പെട്ടത്. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചാണു കോഴിക്കോട്ടെ വീട് നിര്‍മിച്ചതെന്നു കോര്‍പറേഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.