കോഴിക്കോട്: പ്ലസ് ടു കോഴക്കോസില്‍ ചോദ്യം ചെയ്യലിനായി കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജറായി. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെഎം ഷാജിയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
കെഎം ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ നല്കിയ മൊഴിയില്‍ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയില്‍ പറഞ്ഞു.
അതിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവുണ്ട്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അഭിഭാഷകനായ എം.ആര് ഹരീഷ് നല്കിയ പരാതിയിലാണ് ഉത്തരവ്.