കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി നടന്ന മാരത്തണ്‍ ചോദ്യം ചെയ്യലിലും ഷാജിയുടെ മറുപടിയില്‍ തൃപ്തനാവാതെ ഇഡി. ബുധനാഴ്ച രാവിലെ തുടങ്ങിയ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 1.45 ന്.
എല്ലാത്തിനും കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണം. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും ഷാജി പറഞ്ഞു.
കൃത്യമായി തയ്യാറാക്കിയ ചോദ്യാവലിയിലൂടെയാണ് എം.എല്‍.എ യെ ഇഡി ചോദ്യം ചെയ്തത്. ആഡംബര വീട് നിര്‍മാണത്തിന്റെ വിവരങ്ങള്‍ക്ക് പുറമെ പാസ്പോര്ട് വിവരങ്ങളും വിദേശ യാത്രാ വിവരവും ഇഡി ചോദിച്ചറിഞ്ഞു. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലുമായും ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് നേരത്തെ തന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയെയും ലീഗ് നേതാവ് ഇസ്മായിലിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു.
2014 ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനായിരുന്നു പരാതിക്കാരന്. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. പണത്തിന്റെ ഉറവിടം കൈമാറിയ രീതി ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്. പരാതിക്കാരുടേയും കെ.എം ഷാജിയുടേയും ഇടാപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയുടെ കോഴിക്കോട്ടേയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിര്‍ദേശ പ്രകാരം കോര്പ്പറേഷന് അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോര്പ്പറേഷന് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതും ഇ.ഡി ചോദിച്ചറിഞ്ഞിട്ടുണ്ട്. 1,62,60,000 രൂപ വീടിന് മൂല്യമുണ്ടെന്നാണ് കോര്പ്പറേഷന് കണ്ടെത്തിയിരിക്കുന്നത്. ഇഡിയുടെ അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് വിജിലന്‍സ് കോടതിയും കെ.എം ഷാജിക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനും നിയമജ്ഞനുമായ അഡ്വ. എ.ആര് ഹരീഷിന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.