KERALALATEST

കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്

കോഴിക്കോട്: അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഡിസംബര്‍ 17 ന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ ആശയ്ക്ക് നോട്ടീസയച്ചത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്‍മാണം അനധികൃതമാണെന്ന് നേരത്തെ കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ നടത്തിയ അളവെടുപ്പില്‍ വ്യക്തമായത്. 2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന അഴിമതിയാരോപണത്തിന് പിന്നാലെയാണ് വീടിന്റെ അളവെടുപ്പ് നടന്നത്. ഷാജിയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ പിന്നാലെയായിരുന്നു വീട് അളന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയേയും ഭാര്യ ആശയേയും എം.കെ മുനീര്‍ എം.എല്‍.എയുടെ ഭാര്യ നഫീസയേയും ഇ.ഡി. ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker