BREAKING NEWSKERALA

വേണ്ടാത്തിടത്ത് വലിഞ്ഞ് കേറാന്‍ താത്പര്യമില്ല, കെ മുരളീധരന്‍ കെപിസിസി സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജിവച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നും ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
രാജിക്കാര്യം അറിയിച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതും അതൃപ്തി മൂലമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണത്തിനു സ്ഥിരം സമിതി അധ്യക്ഷനെയും വെച്ചത്. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരമുഖത്ത് നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി രണ്ട് പേര്‍ രാജി വച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എഐ ഗ്രൂപ്പുകള്‍ ശക്തമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സിപിഎമ്മും എല്‍ഡിഎഫും അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ തന്നെ രാജി വച്ചത്. എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പില്‍ സജീവമാകുമോ എന്നാണ് അറിയേണ്ടത്. ബെന്നിയുടെ രാജിക്ക് തൊട്ടുപിന്നാലെയാണ് മുരളീധരന്റെ അപ്രതീക്ഷിത രാജിയും തുറന്ന് പറച്ചിലും.
വേണ്ടാത്തിടത്ത് വലിഞ്ഞ് കേറി നില്‍ക്കേണ്ടെന്ന് മുരളിയുടെ പരാമര്‍ശം നേതൃത്വത്തിനെതിരെ പരസ്യനിലപാടാണ്. വട്ടിയൂര്‍യൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ വീണ്ടും മത്സരിച്ച് സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ച മുരളീധരന്റെ ആഗ്രഹം സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച് ഉമ്മന്‍ചാണ്ടി സജീവമാകുമ്പോഴാണ് ഒരു ഭാഗത്ത് പൊട്ടിത്തെറിയെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ ചെന്നിത്തലയും കൂട്ടരും അതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് രാജിയും നേതൃത്വത്തിനെതിരെ മുരളീധരന്റെയും ബെന്നിയുടേയും പരാമര്‍ശനങ്ങളും.

Related Articles

Back to top button