ആത്മീയത നല്ല മാര്‍ക്കറ്റുള്ള വില്പ്പനച്ചരക്കാണ്. അതിന് ഹൈന്ദവനെന്നോ ക്രൈസ്തവനെന്നോ ഇസ്ലാമെന്നോ വേര്‍തിരിവില്ല. ഒരു മാര്‍ക്കറ്റിങ് വിദഗ്ധന്റെ വാക്ചാരുത മാത്രം മതി കളം പിടിക്കാന്‍. പിന്നെ വളര്‍ച്ച ശരവേഗത്തിലാകും. അത്തരത്തില്‍ കുതിച്ചുയര്‍ന്ന ബിലീവേഴ്സ് ചര്‍ച്ച് എന്ന ആത്മീയ വ്യാപാര സ്ഥാപനത്തിന്റെ സ്വയം പ്രഖ്യാപിത അപോസ്തലനാണ് കെ പി യോഹന്നാന്. സാധുജന സേവനത്തിന്റെ മറവില്‍, ആത്മീയ സഭയുടെ തണലില്‍ പടുതുയര്‍ത്തിയ ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരില്‍ വന്ന് കുമിഞ്ഞു കൂടുന്ന ശതകോടികള്‍ സാമ്പത്തിക വിദഗ്ധന്റെ നൈപുണ്യത്തോടെ ജില്ലയും സംസ്ഥാനവും കടന്ന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്ക് നിക്ഷേപം നടത്തുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. എന്നാല്‍, ഈ നിക്ഷേപങ്ങള്‍ എല്ലാം എന്നും സംശയത്തിന്റെ മുള്‍മുനയില്‍ തന്നെയായിരുന്നു. എന്നാല്‍ ആദ്യം കുരുത്ത ചെറിയ മുള്ളുകളുടെ മുനയൊടിക്കാന്‍ ആത്മീയത എന്ന ഇരുതല വാള് യോഹന്നാന് എന്ന അപോസ്തലന്റെ കൈയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ മധുരം നുണയാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെങ്കിലും ആ മധുരം ആര്‍ത്തിയോടെ വാരിക്കഴിക്കുന്നവര് അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, എന്നും എപ്പോഴും അപോസ്തലനായി വാഴാന്‍ എല്ലാവര്ക്കും കഴിയില്ല. അവര്‍ക്കുമുണ്ടാകും ശിനിദശാ കാലം. ദശാകാലം മാറുമ്പോള്‍ ഉയര്‍ച്ചയ്ക്കൊപ്പം തന്നെ താഴ്ചയുമുണ്ടാകും. അതാണ് ഇപ്പോള്‍ യോഹന്നാന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആദായ നികുതി വകുപ്പ് കയറി ഒരു പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയിരിക്കുന്നു 15 കോടിയോളം രൂപ. അമ്പതിനായിരം രൂപയ്ക്കു മുകളില്‍ ക്യാഷ് ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമുള്ള ഇന്ത്യാ മഹാരാജ്യത്താണ് ഏഴ് കോടിയോളം രൂപ ബിലീവേഴ്സ് സ്ഥാപനത്തിന്റെ പരിസരത്തുള്ള ഒരു വാഹനത്തില്‍ നിന്നു പിടികൂടിയത്. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ.പി യോഹന്നാന് നേതൃത്വം നല്കുന്ന ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നെന്നും നേരത്തെ പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചെന്നും കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതുവരെ ആത്മീയത എന്ന ആയുധത്തിന്റെ കരുത്തില്‍ ഫയലുകളെല്ലാം മറയപ്പെടുകയായിരുന്നു.
കെ പി യോഹന്നാന്റെ ചരിത്രത്തിലേക്ക് ഒന്നു കടന്നു ചെന്നാല്‍ കാണാന്‍ സാധിക്കുന്നതൊന്നും അത്ര ശുഭകരമായ കാര്യങ്ങളല്ല. മധ്യതിരുവിതാംകൂറിലെ സമ്പന്ന നഗരമെന്നു വിശേഷിപ്പിക്കുന്ന തിരുവല്ല കേന്ദ്രമാക്കി
ബിലീവേഴ്സ് ചര്‍ച്ച് എന്ന സഭ സ്ഥാപിച്ച് സ്വന്തമായൊരു സാമ്രാജ്യം തന്നെ സ്ഥാപിച്ച കെ പി യോഹന്നാന് എന്ന സുവിശേഷക പ്രചാരകന് അത്ര നല്ലതല്ലാത്ത വാര്‍ത്തകളില്‍ ഇടം നേടിയിട്ട് കാലം കുറെയായി. കെ പി യോഹന്നാന് നിയമവിരുദ്ധമായി ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുകയും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുകയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരാതികള്‍ ഉണ്ടായിരുന്നു. പേരിന് നടത്തിയ ചില അന്വേഷണങ്ങളില്‍ തന്നെ യോഹന്നാന്റെ സ്വത്തുവിവരങ്ങളെക്കുറിച്ചറിഞ്ഞ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഞെട്ടിപ്പോയിട്ടുണ്ട്. ഈ ഞെട്ടലില്‍ അന്വേഷണം വഴിമുട്ടുകയും ചെയ്തിരുന്നു. ഇത്രകണ്ട സ്വത്തുക്കള്‍ കെ പി യോഹന്നാന് സമ്പാദിച്ചുകൂട്ടിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്.
ഏതാണ്ട് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധാരണയില്‍ സാധാരണക്കാരനായ ഒരു കര്‍ഷക തൊഴിലാളിയില്‍ നിന്ന് സുവിശേഷം പ്രസംഗകനായി മാറിയ യോഹന്നാന് ഇന്ന് ഇന്ത്യയിലെ തന്നെ മുന്തിയ പണക്കാരുടെ പട്ടികയില്‍ മുന്സ്ഥാനക്കാരനാണ്.
കുട്ടനാട്ടില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച യോഹന്നാന് സുവിശേഷവത്ക്കരണത്തിനിറങ്ങിയതോടെ സമയം തെളിയുകയായിരുന്നു. തിരുവല്ലയിലെ മഞ്ഞാടിയില്‍ ആറ് നിലകളിലായി വന്‍കെട്ടിടം (ഗോസ്പല്‍ ഫോര്‍ ഏഷ്യ)തന്റെ സ്വന്തം സഭയുടെ ആസ്ഥാനമന്ദിരമായി കെട്ടിയുയര്‍ത്തി. വിദേശ ബന്ധങ്ങള്‍ വഴി ഇന്ത്യയിലെ അവിശ്വാസികളെ ക്രൈസ്തവവിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാന്‍ കോടികളാണ് യോഹന്നാന് ഒഴുക്കിയെടുത്തത്. പട്ടിണിയില്‍ കഴിഞ്ഞിരുന്ന ദലിത് വിഭാഗത്തില്‍ പെട്ട ആളുകളെ ആകര്‍ഷിച്ച് സഭയിലേക്ക് ആളെക്കൂട്ടി. അന്നന്നത്തെ അപ്പത്തിനുള്ള വക കിട്ടുമെന്നതിനാല്‍ യോഹന്നാന്റെ സുവിശേഷവത്ക്കരണത്തിലേക്ക് ഒരു കാലത്ത് ആളുകള്‍ ഇടിച്ചുകയറുകയായിരുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രചരിപ്പിക്കാന്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് സൈക്കിളും സ്കൂട്ടറും കാറും മറ്റഡോര്‍ വാനുമൊക്കെ നല്കി. പുതിയ പള്ളികള്‍ സ്ഥാപിച്ചു. വില്ക്കാന് വച്ചിരുന്ന ഭൂമിയൊക്കെ പറഞ്ഞ വിലകൊടുത്ത് വാങ്ങി. സ്കൂളുകളും കോളെജുകളും ദൈവശാസ്ത്രപഠന കേന്ദ്രങ്ങളും നിരവധി സ്ഥാപിച്ചു. സ്വന്തം ചാനലുണ്ടാക്കി. മറ്റ് ചാനലുകളിലും സുവിശേഷം പറഞ്ഞു. തിരുവല്ല ദേശം സുറിയാനി മാര്‍ത്തോമ സഭയുടെ റോമാണ്. കൂടാതെ പുരാതന സുറിയാനി ക്രൈസ്തവരായ യാക്കോബായ, ഓര്‍ത്തഡോക്സ്, മലങ്കര കത്തോലിക്കരും തിരുവല്ലയിലെ പ്രമാണികളാണ്. ഇവര്‍ നൂറ്റാണ്ടുകളായി ഇവിടെ സുവിശേഷവേല ചെയ്യുകയാണ്. കൂടാതെ ഒട്ടേറെ പെന്തക്കോസ്ത് സഭകളും തിരുവല്ലയിലും പരിസരത്തും വേല ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കിടയിലൂടെ കെ പി യോഹന്നാന് വളര്‍ന്നതും പന്തലിച്ചതുമൊന്നും ഇവരെയാരെയും പ്രകോപിതരാക്കിയില്ല. കാരണം യോഹന്നാന്റെ മേച്ചില്‍പ്പുറം ദളിതുകള്‍ക്കിടയിലായിരുന്നു എന്നതാണ്. യോഹന്നാനും പുരാതന പാരമ്പര്യസുറിയാനിക്കാരെ തൊട്ടു നോവിക്കാന്‍ പോയില്ല. കേരളത്തിലെ സുവിശേഷവത്ക്കരണത്തില്‍ പരമാവധി ആളെക്കിട്ടിയപ്പോള്‍ അന്യസംസ്ഥാനങ്ങളിലും സുവിശേഷം വ്യാപിപ്പിച്ചു. ആക്രമണങ്ങളും അരാജകത്വവും നിലനിന്നിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായി യോഹന്നാന്റെ വലവീശല്‍. നേപ്പാളും യോഹന്നാന്റെ സുവിശേഷപ്രഘോഷണത്തിന്റെ വേദിയായി. ഇന്നാടുകളില്‍ നിന്നെല്ലാം തിരുവല്ലയിലേക്ക് വിശ്വാസികളെ ഇറക്കുമതി ചെയ്തു. ഇതോടെ യോഹന്നാന് സഭയിലെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പല ദളിതരും പുറത്തള്ളപ്പെട്ടു. ആ സ്ഥാനത്തേക്ക് നേപ്പാളികളും മണിപ്പൂരികളും സ്ഥാപിക്കപ്പെട്ടു.
സഭവളര്ന്ന് യോഹന്നാന് രാജാവായെങ്കിലും ഒരു സാധാരണ സുവിശേഷകന്റെ സ്ഥാനം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അധികാരം കൈയിലുണ്ടെങ്കിലും അതു പോര തനിക്കും വേഷഭൂഷാദികളും ആടയാഭരണങ്ങളുമുള്ള ഒരു രാജാവാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ആഗ്രഹത്തിന്റെ പ്രതിഫലനമായി ക്രൈസ്തവ സഭകളിലെ ഉയര്‍ന്ന പദവിയായ ബിഷപ്പാകാന്‍ അദ്ദേഹം ചരടുനീക്കം ആരംഭിച്ചു. കയ്യില്‍ കാശുണ്ടായാല് മെത്രാനാകില്ല. സ്വന്തമായി മെത്രാനായി പ്രഖ്യാപനം നടത്തിയാല്‍ വിശ്വാസികള്‍ അംഗീകരിക്കാന്‍ മടിക്കും. ഒരു മെത്രാന് മാത്രമേ മറ്റൊരാളെ മെത്രാനായി വാഴിക്കാന്‍ അധികാരമുള്ളൂ. അങ്ങനെയാണ് ക്രിസ്തുവിന്റെ കാലം മുതല്ക്കുള്ള കീഴ് വഴക്കം. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിന് മെത്രാനില്ല. മറ്റ് ചര്‍ച്ചുകള്‍ യോഹന്നാന്റെ ചര്‍ച്ചിനെ മുന്തിയ ചര്‍ച്ചായി കാണുന്നുമില്ല. ഒടുവില്‍ യോഹന്നാന് സ്വയം മെത്രാനായി പ്രഖ്യാപിച്ചു. പിന്നീട് നിരവധി തന്റെ കീഴില്‍ നിരവധി മെത്രാന്മാരെ അദ്ദേഹം വാഴിച്ചു. പിന്നീട് അദ്ദേഹം ബിഷപ്പായും സ്വയം ഉയര്‍ത്തപ്പെട്ടു. എന്നാല്‍, ഈ സ്ഥാനത്തിനു കാര്‍മികത്വം വഹിച്ച മെത്രാന് പിന്നീട് തനിക്ക് തെറ്റപറ്റിപ്പോയെന്ന് പറഞ്ഞത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്തായാലും ഒരു സുപ്രഭാതത്തില്‍ ബിഷപ്പായി വിശ്വാസികളുടെ മുന്നിലേക്ക് അധികാരചിഹ്നങ്ങളുമായി എത്താന്‍ അദ്ദേഹത്തിന്റെ ഒരു മാനക്കേടും തോന്നിയില്ലെന്നത് അദ്ദേഹത്തെ അറിയുന്ന ആരെയും അതിശയിപ്പിക്കുന്നതല്ല.
ഇങ്ങനെ സ്വന്തം സഭയില്‍ സ്വയം പ്രഖ്യാപിത ബിഷപ്പായി വാഴുന്നതുകൊണ്ട് കാര്യമില്ലെന്നു മനസിലാക്കി ഏതെങ്കിലും പ്രമുഖ സമൂഹം അഗീകരിക്കുന്ന ക്രിസ്ത്യന്‍ സഭയിലേക്ക് ചേക്കേറാനുള്ള ശ്രമവും അദ്ദേഹം നടത്തി. സാമ്പത്തികമായ അന്വേഷണങ്ങളില്‍ അധികകാലം പിടിച്ചു നില്ക്കാന് കഴിയില്ലെന്ന കുശാഗ്രബുദ്ധിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഇതിനായി ആദ്യം സമീപിച്ചത് കത്തോലിക്കാ സഭയേയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെയും ആണ്. എന്നാല്‍ കച്ചവടക്കാരന് എന്ന പേരുമാത്രമുള്ള യോഹന്നാനെ കൂടെക്കൂട്ടി സ്വന്തം പേരു കളയാന്‍ അവര്‍ തയാറായില്ല. പിന്നീട് യാക്കോബായ സഭയേയും സമീപിച്ചു. സമ്പന്നമായ തന്റെ സാമ്രാജ്യം സമര്‍പ്പിക്കാമെന്ന് അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
ഇതിനിടെയാണ് ചാരിറ്റിയുടെ പേരില്‍ അടിച്ചുമാറ്റിയ കോടികള്‍ സംബന്ധിച്ച ഒരു സാമ്പത്തിക കേസ് അമേരിക്കയില്‍ ഉയര്‍ന്നു വരുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ, ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്റര്‍നാഷണല്‍, കെ പി യോഹന്നാന്, ഇയാളുടെ ഭാര്യ ജിസില പുന്നൂസ്, മകന് ഡാനിയല്‍ പുന്നൂസ്, ഡേവിഡ് കാരോള്‍, പാറ്റ് എമറിക് എന്നിവര്‍ക്കെതിരെ അമേരിക്കയിലെ ജില്ലാ കോടതിയിലാണ് (അര്‍ക്കന്‍സസ്) കേസ് രജിസ്റ്റര്‍ ചെയ്തത്. അമേരിക്കന്‍ ഡോക്ടര്‍ ദമ്പതികളായ മര്‍ഫി ഗാര്‍ലാന്‍ഡ് എന്നിവരാണ് യോഹന്നാനും കുടുംബത്തിനുമെതിരെ വഞ്ചനാകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ് നല്‍കിയത്.
കേസ് ഗുലുമാലാകുമെന്ന് കണ്ടപ്പോള്‍ ഒത്തുതീര്‍പ്പിന് യോഹന്നാന് തയാറായി. ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം കെ.പി.യോഹന്നാന് നഷ്ടപരിഹാരമായി ഏകദേശം 261 കോടി രൂപ നല്‍കണം. മാത്രമല്ല, ഗോസ്പല്‍ ഫോര്‍ ഏഷ്യ (അമേരിക്ക)യുടെ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും യോഹന്നാന്റെ ബന്ധുക്കളെ പുറത്താക്കുകയും വേണം. യോഹന്നാനെ ചോദ്യം ചെയ്ത ദമ്പതികളെ ഗോസ്പല്‍ ഫോര്‍ ഏഷ്യ (അമേരിക്ക ) ബോര്‍ഡില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. ഈ കേസിലാണ് യോഹന്നാന് അമേരിക്കയിലേക്ക് പോകാന്‍ പോലും കഴിയാതെ പെട്ടുപോയത്. എന്തായാലും അടിച്ചുമാറ്റിയ പണം തിരികെ നല്കി ആ കേസില്‍ നിന്ന് തലയൂരുകയായിരുന്നു.
അമേരിക്കന്‍ ബന്ധത്തെക്കുറിച്ചു പറയുമ്പോള്‍ യോഹന്നാന്റെ ഭാര്യയെക്കുറിച്ചും പറയേണ്ടിവരും. ജര്‍മനിയിലെ ഒരു വന്‍വ്യവസായിയുടെ മകളാണ് കെപി യോഹന്നാന്റെ ഭാര്യയായ ജിസില പുന്നൂസ് എന്ന ജിസില യോഹന്നാന്. പണ്ട് മിഷണറിയായിട്ട് കുറച്ചു നാള് ഓ എം (ഓപറേഷന് മൊബലൈസേഷന് ) എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ വച്ച് പ്രേമിച്ച് വിവാഹം കഴിച്ചതാണ് ഈ ജര്‍മ്മന്‍ കാരിയായ മിഷണറിയെ, ഒന്നിലധികം കപ്പലുകള്‍ ഒക്കെയുള്ള ഒരു വന്‍പ്രസ്ഥാനമാണ് ജിസിലാ യോഹന്നാന്റെ പിതാവിന്റെ വ്യവസായ സാമ്രാജ്യം. അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയിലാണ്. അവിടെയുമുണ്ട് ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജി എഫ് എ)യുടെ ഒരു ട്രസ്റ്റ്.ആ ട്രസ്റ്റ് വഴിയാണ് ജി എഫ് എയ്ക്കും ബെലീവേഴ്സ് ചര്‍ച്ചിനും പണം വരുന്നത്. തട്ടിപ്പിലൂടെയാണ് സംമ്പാദിക്കുന്നതില് പലതും വരുന്നത് ഭാര്യാപിതാവിന്റെ ട്രസ്റ്റില്‍ നിന്നാണ്.
2016ല്‍ 1,889 കോടി രൂപയാണ് ബിലീവേഴ്സ് ചര്‍ച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഫണ്ടെന്ന പേരില്‍ ഇന്ത്യയില്‍ സ്വീകരിച്ചത്. ഇതില്‍ ബിലീവേഴ്സ് ചര്‍ച്ച് കൈപ്പറ്റിയത് 342 കോടിയാണ്. സന്നദ്ധ സേവനത്തിനായി ആണ് വാങ്ങുന്നതെങ്കിലും ഇതില്‍ തെറിയൊരു തുക മാത്രമേ ആ വഴിക്കു ചിലവഴിക്കപ്പെടുന്നുള്ളു. ബാക്കി ഭൂരിഭാഗവും യോഹന്നാന്റെ സമ്പന്നതയിലേക്കാണ് മുതല്ക്കൂട്ടപ്പെടുന്നത്.
കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ല്‍ കേവലം 900/ രൂപ മുടക്കുമുതലില്‍ തിരുവല്ല സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കില്‍ നിരണം വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാന്, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാല് രൂപീകൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായ ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വരുന്നത്. മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നീ സാമുഹിക ഇടപെടലുകളാണ് ലക്ഷ്യമെന്നാണ് സംഘടന വിശദീകരിക്കുന്നത്.