BREAKING NEWSKERALA

പണത്തിന്റെ ഉറവിടം എവിടെ, നേരിട്ടുവന്ന് ബോധിപ്പിക്കാന്‍ കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകള്‍ വഴി നടന്ന വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പണം ചെലവഴിച്ച മേഖലകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെ.പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
അഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചര്‍ച്ച് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയില്‍ നിന്നും വന്‍ തുക കണ്ടെത്തിയിരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഡല്‍ഹിയിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു . വിദേശത്തുള്ള മറ്റാരുടെയെങ്കിലും പണം നാട്ടിലെത്തിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും ആദായനികുതിവകുപ്പ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചിന്റെ നിക്ഷേപം റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് മാറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.

Related Articles

Back to top button