കണ്ണൂർ: എരഞ്ഞോളി സ്ഫോടനത്തിൽ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സ്ഫോടനത്തിൽ മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് സുധാകരന്റെ പരാമർശം.
ബോംബ് ഇനിയും പൊട്ടുനുണ്ട്. എന്നിട്ട് പറയാമെന്നും സുധാകരൻ പ്രതികരിച്ചു. അതേസമയം എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്തെത്തി.
പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നുണ്ട്. പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ട്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന മാധ്യമങ്ങളോടു പറഞ്ഞു.
“പാര്ട്ടിക്കാര് ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ക്ക് ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം’- സീന പറഞ്ഞു.
കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽനിന്നു തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽനിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലിൽ ഇടിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വേലായുധന്റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്ഫോടനമുണ്ടായത്.